വെട്ടിക്കോട് ആയില്യ മഹോത്സവം ഇന്ന്
1600005
Wednesday, October 15, 2025 11:27 PM IST
ചാരുംമൂട്: ആദിമൂലം വെട്ടിക്കോട് നാഗരാജസ്വാമി ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ ആയില്യ മഹോത്സവം ഇന്നു നടക്കും. ആയില്യം എഴുന്നള്ളത്ത് കണ്ട് വണങ്ങി സര്‍പ്പദോഷ മുക്തി നേടാന്‍ നാനാദേശങ്ങളില്‍നിന്ന് ഭക്തസഹസ്രങ്ങൾ ഇന്ന് വെട്ടിക്കോട് ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തും.
വെട്ടിക്കോട് ക്ഷേത്രത്തിലെ ഏറ്റവും സവിശേഷമായ ഉത്സവദിനമാണ് കന്നിമാസത്തിലെ ആയില്യം. ആയില്യ ദിനത്തിലെ എഴുന്നള്ളത്ത് ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കും. ശ്രീകോവിലില്‍നിന്നും സര്‍വാലങ്കാര വിഭൂഷിതനായ നാഗരാജാവിനെ മേപ്പള്ളില് ഇല്ലത്തേക്കും തുടര്‍ന്ന് ശ്രീകോവിലിലേക്കും എഴുന്നള്ളിക്കും. ഭൂതലത്തില്‍ ആദ്യമായി നാഗരാജപ്രതിഷ്ഠ നടത്തിയത് വെട്ടിക്കോട്ടായതിനാലാണ് ഇവിടം ആദിമൂലം വെട്ടിക്കോട് എന്ന കീര്‍ത്തി നേടിയത്.
ഇന്നലെ പൂയം നാളിൽ ദീപാരാധനയ്ക്ക് ആയിരകണക്കിന് ഭക്തർ സായൂജ്യം നേടാൻ ക്ഷേത്രത്തിലെത്തി. ആയില്യം പ്രമാണിച്ച് അടൂർ, കായംകുളം ഡിപ്പോകളിൽനിന്നും കെഎസ് ആർടിസി പ്രത്യേക സർവീസ് നടത്തുന്നുണ്ട്. കൂടാതെ കെപി റോഡിൽ ഉച്ചകഴിഞ്ഞ് ഗതാഗതനിയന്ത്രണവും ഏർപ്പെടുത്തി.