സജി ചെറിയാനെയും ബാലനെയും വിമര്‍ശിച്ച് ജി. സുധാകരന്
1600003
Wednesday, October 15, 2025 11:27 PM IST
ആലപ്പുഴ: മന്ത്രി സജി ചെറിയാനും എ.കെ. ബാലനും അടക്കമുള്ള സിപിഎം നേതാക്കള്‍ക്കെതിരേ പോര്‍മുഖം തുറന്ന് ജി. സുധാകരന്. പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ച മുതിര്‍ന്ന നേതാക്കളുടെ അച്ഛനും അമ്മയ്ക്കും അടക്കം ഫെയ്സ്ബുക്കില്‍ വന്ന് തെറിപറയുമ്പോള്‍ അതിനോട് പ്രതികരിക്കാതെ തന്നെ ഉപദേശിക്കാനാണ് മന്ത്രി സജി ചെറിയാനും എ.കെ. ബാലനും ശ്രമിച്ചതെന്ന് സുധാകരന് കുറ്റപ്പെടുത്തി.
ആലപ്പുഴയില്‍ നടക്കുന്ന വളരെ നികൃഷ്ടവും മ്ലേച്ഛവും മാര്‍ക്സിസ്റ്റ് വിരുദ്ധവുമായ ഈ പൊളിറ്റിക്കല്‍ കുറ്റകൃത്യത്തിനെതിരേ ബാലന് ഒരക്ഷരം പറഞ്ഞിട്ടില്ല. ബാലനെപ്പോലെ മാറാന്‍ തനിക്ക് പറ്റില്ല. ബാലന് തന്നെപ്പറ്റി ഒന്നും പറയേണ്ട കാര്യമില്ല. ഞാന്‍ ഇന്നേവരെ ഒരു പ്രസ്താവനയിലും പൊതുവേദിയിലും ബാലനെതിരെ ഒന്നും പറഞ്ഞിട്ടില്ലാത്ത സാഹചര്യത്തില്‍, നികൃഷ്ടമായ, വൃത്തികെട്ട മാര്‍ക്സിസ്റ്റ് വിരുദ്ധ സംസ്കാരം ഇവിടെ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിനെ എതിര്‍ക്കാതെ തന്നെ ഉപദേശിക്കാന്‍ വരുന്നത് എന്തിനാണെന്നും സുധാകരന് ചോദിച്ചു.
കഴിഞ്ഞ ദിവസം ഫെയ്സ്ബുക്ക് പോസ്റ്റില്‍ എ.കെ. ബാലന് ജി. സുധാകരനെ വിമര്‍ശിച്ചിരുന്നു.
മന്ത്രി സജി ചെറിയാനെതിരെയും സുധാകരന് ആഞ്ഞടിച്ചു. ബിജെപിയില്‍ പോകുമെന്ന് സജി ചെറിയാന്റെ പിണിയാളുകള്‍ പ്രചരിപ്പിച്ചു.
സജി ഉപദേശക്കുന്നതിന് മുമ്പ് സൂക്ഷിക്കണം. മുഖ്യമന്ത്രിക്കെതിരെ സ്വപ്നയുടെ ആരോപണം ഉയര്‍ന്നപ്പോള്‍ പ്രതിരോധത്തിന് തന്നെയാണ് ചുമതലപ്പെടുത്തിയതെന്ന് സജി മറന്നു പോകരുതെന്നും സുധാകരന് ഓര്‍മപ്പെടുത്തി.
ആലപ്പുഴയില്‍ സജി ചെറിയാനും നാസറും വിദ്യാര്‍ഥികളായിരിക്കുമ്പോള്‍ താനാണ് ഇവരെയൊക്കെ സംരക്ഷിച്ചതും വളര്ത്തിയതുമെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു. അമ്പലപ്പുഴയില്‍ താന്‍ വോട്ട് ചോര്‍ത്താന്‍ ശ്രമിച്ചെന്ന ആരോപണത്തിലും സുധാകരന് പ്രതികരിച്ചു.