മുറുക്കി തുപ്പിയതിനെത്തുടർന്നുണ്ടായ തർക്കം; യുവാവിനെ കുത്തിയ പ്രതി പിടിയിൽ
1600007
Wednesday, October 15, 2025 11:27 PM IST
ഹരിപ്പാട്: മുറുക്കി തുപ്പിയതിനെത്തുടർന്നുണ്ടായ വാക്കുതർക്കത്തിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതിയെ ഹരിപ്പാട് പോലീസ് പിടികൂടി. കുത്തേറ്റ പന്തളം സ്വദേശി സജീവ് (54) വണ്ടാനം മെഡിക്കൽ കോളജിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പ്രതിയായ ദിൽകുമാറിനെ(52) വെട്ടുവേനിയിൽനിന്ന് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച രാവിലെ ഒമ്പതരയോടെ പെരുകുളം റോഡിനു സമീപം നടന്ന സംഭവത്തിൽ, ചോരയിൽക്കുളിച്ച് കിടക്കുന്ന സജീവിനെ കണ്ടെത്തി. വഴിയാത്രക്കാർ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി. എസ്എച്ച്ഒ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ, സജീവ് ചെരുപ്പ് കുത്തുന്ന ജോലി ചെയ്യുന്നയാളാണെന്നും പലരോടും വഴക്കിനു പോകാറുണ്ടെന്നും കണ്ടെത്തി.
സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങളും സുഹൃത്തുക്കളുടെ മൊഴിയും പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്.
എസ്ഐമാരായ ആദർശ്, സുജിത്, എഎസ്ഐ ശിഹാബ്, സിപിഒമാരായ ശ്രീജിത്ത്, അരുൺ, സിപിഒമാരായ നിഷാദ്, സജാദ്, വൈശാഖ്, ബെൽരാജ്, അമൽ എന്നിവർ അന്വേഷണത്തിൽ പങ്കാളികളായി. കൊലപാതകശ്രമത്തിന് കേസെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കും.