പരുമല പെരുന്നാളിന് 26ന് കൊടിയേറും
1599997
Wednesday, October 15, 2025 11:27 PM IST
മാന്നാർ: പരിശുദ്ധ പരുമല തിരുമേനിയുടെ 123-ാം ഓർമപ്പെരുന്നാളിന് 26ന് കൊടിയേറും. രണ്ടിനും മൂന്നിനുമാണ് പ്രധാന പെരുന്നാൾ. 26നു ഉച്ചയ്ക്ക് രണ്ടിന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പെരുന്നാൾ കൊടിയേറ്റ് കർമം നിർവഹിക്കും. മൂന്നിന് തീർഥാടന വാരാഘോഷ സമ്മേളനം. വൈകിട്ട് അഞ്ചിന് 144 മണിക്കൂർ നീളുന്ന അഖണ്ഡ പ്രാർഥന. 27ന് രാവിലെ 10 ന് സെന്റ് ജോസഫ് ഓർത്തഡോക്സ് ഫെലോഷിപ്പ് സമ്മേളനം. മൂന്നിന് വിവാഹ ധനസഹായ വിതരണം കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും.
28ന് രാവിലെ10നു കർഷകസംഗമം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. രണ്ടിനു മദ്യവർജന ബോധവത്കരണം മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. 29നു 10ന് അഖില മലങ്കര മർത്തമറിയം വനിതാ സമാജം സമ്മേളനം. രണ്ടിന് ശുശ്രൂക്ഷ സംഗമവും സഭാകവി സി.പി. ചാണ്ടി അനുസ്മരണവും. 30ന് രാവിലെ 10ന് വൈദിക സമ്മേളനം. 10.30ന് ഗുരുവിൻ സവിധേ. 31നു രാവിലെ 10ന് പരിസ്ഥിതി സെമിനാർ, 10.30ന് അഖില മലങ്കര പ്രാർഥന യോഗം ധ്യാനം. 2.30നു സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ് ഗുരുസ്മൃതി മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും.
നവംബർ ഒന്നിന് രാവിലെ 10ന് സന്യാസസമൂഹ സമ്മേളനം. 2.30നു യുവജന സംഗമം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ഈ ദിനങ്ങളിൽ എല്ലാ ദിവസവം രാവിലെ അഞ്ചിന് രാത്രി നമസ്കാരം, പ്രഭാതനമസ്കാരം. രാവിലെ ഏഴിന് വിശുദ്ധ മൂന്നിന്മേൽ കുർബാന, വൈകിട്ട് ആറിന് സന്ധ്യാനമസ്കാരം, 6.45 ന് ഗാനശുശ്രൂക്ഷ, ഏഴിന് വചനശുശ്രൂക്ഷ, എട്ടിന് കബറിങ്കലിൽ ധൂപപ്രാർഥന, ഒൻപതിന് സൂത്താറ. പ്രധാന പെരുന്നാൾ ദിനമായ രണ്ടിന് രാവിലെ എട്ടിന് വിശുദ്ധ മൂന്നിന്മേൽ കുർബാന.
ഉച്ചകഴിഞ്ഞ് 2.30ന് തീർഥാടന വാരാഘോഷ സമാപനസമ്മേളനം. വൈകിട്ട് ആറിന് പെരുന്നാൾ സന്ധ്യ നമസ്കാരം, എട്ടിന് ശ്ലൈഹീക വാഴ്വ് , 8.15ന് ഭക്തിനിർഭരമായ റാസ, 9.45ന് ഭക്തിഗാനാർച്ചന. സമാപന ദിനമായ മൂന്നിന് പുലർച്ചെ മൂന്നിന് പള്ളിയിലും 6.15നു ചാപ്പലിലും വിശുദ്ധ കുർബാന. 8.30നു കാതോലിക്കാ ബാവായുടെ കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന. 10.30നു കബറിങ്കൽ ധൂപപ്രാർഥന, തുടർന്ന് ശ്ലൈഹിക വാഴ്വ്. രണ്ടിന് റാസ.