പത്തുവർഷം കഠിനതടവും പിഴയും
1600329
Friday, October 17, 2025 5:16 AM IST
പത്തനംതിട്ട: യുവാവിനെ ബൈക്കിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് 10 വര്‍ഷത്തെ കഠിനതടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ. പെരിങ്ങനാട് മുണ്ടപ്പള്ളി മുറിയില്‍ പാറക്കൂട്ടം രമ്യാലയത്തില്‍ ജിതിന്(34)നെയാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (മൂന്ന്) ശിക്ഷിച്ചത്.
പിഴ അടയ്ക്കുന്നതിനു വീഴ്ചവരുത്തുന്ന പക്ഷം രണ്ടുവര്‍ഷംകൂടി തടവുശിക്ഷ അനുഭവിക്കേണ്ടി വരും. ഇടയ്ക്കാട് സ്വദേശിയായ ജെഫിൻ മരിച്ച കേസിലാണ് വിധി. പിഴത്തുക മരണപ്പെട്ട ജെഫിന്റെ മാതാപിതാക്കള്‍ക്ക് നല്‍കാനും വിധിയില്‍ പറയുന്നു.
2013 ഡിസംബര്‍ 23നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മണക്കാല സെമിനാരിപ്പടിയിൽ റോഡരികിൽ നിര്‍ത്തിയിട്ടിരുന്ന ബൈക്കിലിരുന്ന് ഫോണ്‍ ചെയ്യുകയായിരുന്ന ജെഫിന്റെ ബൈക്കിലും കാലിലുമായി ജിതിൻ ഓടിച്ചുവന്ന പള്‍സര്‍ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബൈക്ക് ഉള്‍പ്പെടെ തെറിച്ചുവീണ ജെഫിന് തലയ്ക്കും നെഞ്ചിനും ഗുരുതര പരിക്കുകള്‍പറ്റി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഡിസംബര്‍ 30ന് ജെഫിൻ മരിച്ചു.