എല്ലാ ക്ഷേത്രങ്ങളിലും മോഷണം വ്യാപകം, നിലവിലുള്ള സംവിധാനം മാറ്റണം: വെള്ളാപ്പള്ളി
1600332
Friday, October 17, 2025 5:16 AM IST
ചേർത്തല: തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ മാത്രമല്ല സമ്പത്തുള്ള എല്ലാ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലും മോഷണം വ്യാപകമാണെന്നും ഇത് തടയാൻ നിലവിലുള്ള സംവിധാനം മാറ്റി ക്ഷേത്രങ്ങൾ ഒന്നാേ രണ്ടോ ദേവസ്വം ബോർഡിന് കീഴിലാക്കണമെന്നും എസ്എൻ ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
കണിച്ചുകുളങ്ങരയിലെ വസതിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല ശ്രീകോവിലിൽ പോലും ശുദ്ധിയില്ല. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ കുഴപ്പക്കാരനാണെന്ന് പണ്ടേ പറഞ്ഞതാണ്. ചക്കരക്കുടം കണ്ടാൽ മോഷണമുണ്ടാകും. അഴിമതി പുറത്തുവന്നത് അയ്യപ്പന്റെ അനുഗ്രഹം മൂലമാണ്. ഏത് പാർട്ടിക്കാരനായാലും ഉപ്പുതിന്നവൻ വെള്ളം കുടിക്കും. ഇടമില്ലാത്ത രാഷ്ട്രീയക്കാരുടെ ഇടമായി ദേവസ്വം ബോർഡ് അധപ്പതിച്ചു.
ഇതിന് പരിഹാരമായി ദേവസ്വം ബോർഡ് സംവിധാനം അഴിച്ചുപണിത് ഐഎഎസുകാരന് ചുമതലകൊടുക്കണം. രാഷ്ട്രീയക്കാരനെ കമ്മിറ്റിയിൽ ഉൾപ്പെടുത്തി മന്ത്രിക്ക് പൂർണ നിയന്ത്രണം ഏർപ്പെടുത്തണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മന്ത്രി ഗണേഷ്കുമാറിനെതിരേയും വെള്ളാപ്പള്ളി ആഞ്ഞടിച്ചു. മാതാപിതാക്കൾക്കും സഹോദരിക്കുമെതിരേ പാരപണിത ഗണേശൻ സരിതയെ ഉപയോഗിച്ചാണ് മന്ത്രിസ്ഥാനം നേടിയത്. സരിതയുടെ ഇപ്പോഴത്തെ അവസ്ഥ മോശമായിട്ടും സഹായിക്കാൻ അയാൾ തയാറായിട്ടില്ല. അഹങ്കാരത്തിന് കൈയും കാലും വച്ച ഇയാൾ ഫ്യൂഡൽ മാടമ്പിത്തരമാണ് കാട്ടുന്നതെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.