പുതുമന പമ്പ് ഹൗസ് നിര്‍മാണം ടെൻഡര്‍ നടപടികളിലേക്ക്
1600327
Friday, October 17, 2025 5:16 AM IST
ചമ്പക്കുളം: നെടുമുടി പഞ്ചായത്തിലെ എട്ട്, ഒന്‍പത് വാര്‍ഡുകളിലെ കുടിവെള്ളവിതരണം സുഗമമാക്കുന്നതിലേക്ക് കുട്ടനാട് എംഎല് എ തോമസ് കെ. തോമസ് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നെടുമുടി പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ പണി പൂര്‍ത്തിയാക്കിയ പുതുമന പമ്പ് ഹൗസ് നിര്‍മാണത്തിനും മോട്ടറിനുമായി ടെൻഡര്‍ ക്ഷണിച്ചു. ജലവിഭവവകുപ്പിന്റെ തിരുവല്ല എക്സിക്യൂട്ടിവ് എന്‍ജിനിയറാണ് ടെൻഡര്‍ വിളിച്ചിരിക്കുന്നത്.
നെടുമുടി പഞ്ചായത്ത് എട്ടാം വാര്‍ഡിലെ താമസക്കാരനായ പുതുമന ജോയിച്ചന്‍ ചമ്പക്കുളം-ചെമ്പകശേരി റോഡിന് സമീപത്തായി പുതിയ പമ്പ് ഹൗസ് സ്ഥാപിക്കുന്നതിന് ഭൂമി വിട്ടുനല്‍കിയിരുന്നു.
കുഴല്‍ക്കിണറിനും പമ്പ് ഹൗസിനും ഭൂമി അനുയോജ്യമെന്ന് കണ്ടെത്തിയ ഗ്രൗണ്ട് വാട്ടര്‍ ഡിപ്പാര്‍ട്ട്മെന്റും ജലവിഭവവകുപ്പും കുഴല്‍ക്കിണര്‍ നിര്‍മിക്കുകയും ചെയ്തു. കുടിവെള്ള വിതരണത്തിനുള്ള കുഴലുകളും മോട്ടറും സ്ഥാപിക്കുക, പമ്പ് ഹൗസ് കെട്ടിടം നിര്‍മിക്കുക, വൈദ്യുതി കണക്ഷന് ലഭ്യമാക്കുക തുടങ്ങിയ ജോലികളാണ് ഇനി പൂര്‍ത്തിയാവാനുള്ളത്.
നെടുമുടി പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡിലെ പുല്പത്രപമ്പ് ഹൗസില്‍നിന്നാണ് ഇപ്പോള്‍ 8, 9 വാര്‍ഡുകളില്‍ കുടിവെള്ളം ലഭ്യമാകുന്നത്. പുതുമന പമ്പ് ഹൗസില്‍നിന്നുള്ള പ്രധാന പൈപ്പ് നിലവിലെ പുല്‍പത്ര പമ്പ്ഹൗസില്നിന്നു വരുന്ന പ്രധാന ലൈനുമായി ബന്ധിപ്പിച്ച് വേണം പൈപ്പുകള്‍ സ്ഥാപിക്കാനെന്ന ആവശ്യം ഈ പമ്പ്ഹൗസിന്റെ ആലോചനാ സമയത്തുതന്നെ ഉയര്‍ന്നിരുന്നു.
ഒരു പമ്പ് ഹൗസ് തകരാറിലായാലും ശുദ്ധജല വിതരണം തടസപ്പെടില്ല എന്നതാണ് ഇതിന്റെ മേന്മ.ഇതിന് അനുയോജ്യമായ രീതിയിലായിരിക്കണം ജല വിതരണ കുഴലുകള്‍ സ്ഥാപിക്കേണ്ടത് എന്നാണ് നാട്ടുകാരുടെ ആവശ്യം.