രാജ്യസുരക്ഷാ സേവകർക്ക് ആദരമർപ്പിച്ച് കരുമാടി ഇടവക
1600569
Friday, October 17, 2025 10:54 PM IST
കരുമാടി: ഈശോമിശിഹായുടെ തിരുപ്പിറവിയുടെ ജൂബിലി വർഷത്തിൽ ഇടവകയിൽ നടത്തപ്പെടുന്ന വ്യത്യസ്തങ്ങളായ കർമപരിപാടികളുടെ ഭാഗമായി കരുമാടി സെന്റ് നിക്കോളാസ് - സെന്റ് ജോസഫ് ഇടവക രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് സേവനം ചെയ്തു വിരമിച്ചവരെയും ഇപ്പോൾ സേവനം ചെയ്തുകൊണ്ടിരിക്കുന്നവരെയും ആദരിക്കുന്നു. ഇടവകയിൽ സജീവമായി പ്രവർത്തിക്കുന്ന മിഷൻ ലീഗ്, യുവദീപ്തി, മാതൃപിതൃവേദി എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കപ്പെടുന്നത്.
ധീരമായ രാജ്യസേവനത്തിന് ഇടവകയുടെ ആദരം എന്ന കാഴ്ചപ്പാടോടെ നടത്തപ്പെടുന്ന "ദേശ് സുരക്ഷാ സേവക് സമ്മാൻ" പരിപാടിയിൽ 75 രാജ്യസുരക്ഷാ സേവകർ പങ്കെടുക്കുന്നു. നാളെ രാവിലെ 11ന് കരുമാടി സെന്റ് നിക്കോളാസ് ഹാളിൽ നടത്തപ്പെടുന്ന സംഗമത്തിൽ അമ്പലപ്പുഴ ഡിവൈഎസ്പി കെ.എൻ. രാജേഷ് മുഖ്യാഥിതിയായിരിക്കും.
ഇതിനോടാനുബന്ധിച്ച് മിഷൻലീഗ് കുട്ടികളുടെയും യുവജനങ്ങളുടെയും മാതാക്കളുടെയും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണെന്ന് വികാരി ഫാ. മാത്യു നടയ്ക്കൽ, പ്രോഗ്രാം കോ-ഓർഡിനേറ്റർ ഫാ. മാത്യു തടത്തിൽ, കൈക്കാരന്മാരായ ജോണി കളത്തിൽ, സാബു അഞ്ചിൽ എന്നിവർ അറിയിച്ചു.