പരുമല പെരുന്നാൾ: ആലോചനാ യോഗം
1600902
Sunday, October 19, 2025 5:56 AM IST
മാന്നാർ: പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാൾ സര്‍ക്കാര്‍തല വിവിധ വകുപ്പുകളുടെ ഏകോപനവും ക്രമീകരണങ്ങളും സംബന്ധിച്ച് ആലപ്പുഴ, പത്തനംതിട്ട ജില്ലാതല വകുപ്പു മേധാവികളുടെ അവലോകന യോഗം നടന്നു. ഹരിത ചട്ടങ്ങൾ പാലിച്ചാകും പെരുന്നാൾ നടത്തുക. പെരുന്നാള്‍ ദിനങ്ങളില്‍ വിവിധ ഡിപ്പോകളില്‍നിന്ന് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ നടത്തും.
കുടിവെള്ളം വിതരണം നടത്താനും റോഡുകളുടെയും പാലത്തിന്റെയും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാനും വഴിവിളക്കുകള്‍ പ്രകാശിപ്പിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനും വകുപ്പ് തലയോഗത്തിൽ ധാരണ. പ്രത്യേക പോലീസ് കണ്ട്രോള് റൂം സ്ഥാപിക്കുന്നതിനും ആരോഗ്യവകുപ്പ് ആംബുലന്‍സ് സേവനം ഒരുക്കുകയും പ്രത്യേക മെഡിക്കല്‍ ടീമിനെ സജ്ജമാക്കുന്നതിനുമുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും തീരുമാനിച്ചു. മന്ത്രി വീണ ജോർജ് അധ്യക്ഷത വഹിച്ചു. മാത്യു ടി. തോമസ് എംഎൽഎ, പത്തനംതിട്ട കളക്ടർ പ്രേം കൃഷ്ണൻ, ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, റോണി വർഗീസ് ഏബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.