കായംകുളം റെയിൽവേ പ്ലാറ്റ് ഫോമിൽ മേൽക്കൂരയ്ക്ക് ചോർച്ച
1600922
Sunday, October 19, 2025 6:09 AM IST
കായംകുളം: തീരദേശപാതയിലെ പ്രധാന റയിൽവേ സ്റ്റേഷനായ കായംകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർക്ക് മഴയും വെയിലും ഏൽക്കാതിരിക്കാൻ പുതുതായി നിർമിച്ച മേൽക്കൂര ചോരുന്നു. ഒന്നാം നമ്പർ പ്ലാറ്റ് ഫോമിൽ നിർമിച്ച മേൽക്കൂരയാണ് കനത്ത മഴയിൽ ചോർന്നൊലിക്കുന്നത്. പുതുതായി നിർമിച്ച മേൽക്കൂരയിൽ സീലിംഗും മറ്റും നിർമിച്ചിട്ടുണ്ട്. മേൽക്കൂരയിൽനിന്ന് വെള്ളം ഒഴുകി സീലിംഗിൽ തങ്ങിനിന്ന് വിടവുകളിലൂടെ താഴേക്ക് ഒഴുകുകയാണ്.
വെള്ളം കെട്ടികിടക്കുകയും ഭാരം കൂടി സീലിംഗ് അടർന്ന് വീഴാനും സാധ്യതയേറെയാണ്. ലൈറ്റ്, ഫാൻ, അനൗൺസ്മെന്റ് സിസ്റ്റം തുടങ്ങിയവയ്ക്കുള്ള ഇലക്ട്രിക്കൽ ഉപകരണങ്ങൾ വെള്ളം കയറിയാൽ നശിക്കും. സീലിംഗ് മുകളിലൂടെയാണ് ഇലക്ട്രിക് വയറുകളും മറ്റും പോകുന്നത്. ഇവിടെ സ്ഥാപിച്ചിട്ടുള്ള ഫാനിലൂടെയും മറ്റും വെള്ളം താഴേക്ക് വീഴുന്നുണ്ട്. താഴെ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ യാത്രക്കാർ തെന്നിവീഴാനുള്ള സാധ്യതയുണ്ട്.
പ്ലാറ്റ് ഫോമിന്റെ മേൽക്കൂരയുടെ തൂണുകൾ എല്ലാം ഇരുമ്പ് പൈപ്പാണ്. ഇരുമ്പ് പൈപ്പിനെ അലൂമിനിയം ഷീറ്റുകൊണ്ട് പൊതിഞ്ഞിരിക്കുകയാണ്. കൂടാതെ സീലിംഗും അലൂമിനിയം ഷീറ്റുകൊണ്ടാണ് നിർമിച്ചിരിക്കുന്നത്.
സീലിംഗിലൂടെ ഇലക്ട്രിക് വയറുകളും പോകുന്നുണ്ട്. മഴ പെയ്തപ്പോൾ വെള്ളം തൂണുകളിലൂടെ താഴേക്ക് ഇറങ്ങി. ഇലക്ട്രിക് വയറുകളുടെ ഇൻസുലേഷനോ മറ്റോ പോയാൽ വൈദ്യുതി പ്രവഹിക്കും. ഇത് ഷോക്കേൽക്കാനും കാരണമാകും.