അന്പലപ്പുഴ തെക്ക് പോരാട്ടം ഇരന്പും
1600925
Sunday, October 19, 2025 6:09 AM IST
അമ്പലപ്പുഴ തെക്ക് പഞ്ചായത്ത്
അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പടിഞ്ഞാറ് അറബിക്കടൽ അതിരിടുന്നു. കിഴക്കിന്റെ ഒരു ഭാഗം വേമ്പനാട് കായലിന്റെ സാന്നിധ്യവും നെൽവയലുകളും തെങ്ങിൻ തോപ്പുകളും നിറഞ്ഞ ഗ്രാമപ്രദേശം. നെൽകൃഷിയാണ് പ്രധാന വരുമാനം.
15 വാർഡുകളുള്ളതിൽ മൂന്നു വാർഡുകൾ പൂർണമായും രണ്ടു വാർഡുകൾ ഭാഗികമായും തീരദേശ വാർഡുകൾ. തീരദേശത്ത് മത്സ്യബന്ധനം പ്രധാന വരുമാനം. ബാക്കിയുള്ള 10 വാർഡുകളിൽ 9 എണ്ണവും കാർഷിക മേഖലയിൽ.
നേട്ടങ്ങൾ...
ശോഭാ ബാലൻ
അമ്പലപ്പുഴ തെക്ക്
പഞ്ചായത്ത് പ്രസിഡന്റ്
•കോമന സബ് സെന്ററിന് പത്തു സെന്റ് സ്ഥലം കണ്ടെത്തി. നിർമാണത്തിനു ഹെൽത്ത് ഗ്രാന്റിൽനിന്ന് 55 ലക്ഷം അനുവദിച്ചു ടെൻഡർ നടപടി തുടങ്ങി.
417 അങ്കണവാടികൾക്കു സൗജന്യമായി സ്ഥലം ലഭ്യമാക്കി. നാല് അങ്കണവാടികൾ പുതിയ കെട്ടിടത്തിൽ.
•സുനാമി കോളനിയിൽ പത്തു കൊല്ലമായി മുടങ്ങിക്കിടന്ന കുഴൽക്കിണർ പ്രവർത്തനക്ഷമമാക്കി. മൂന്നാം വാർഡിൽ കുഴൽക്കിണർ. കറുകത്തറ, കരുമാടി പമ്പ് ഹൗസിലും മോട്ടോറുകൾ സ്ഥാപിച്ച് കുടിവെള്ളപ്രശ്നം പരിഹരിച്ചു.
•13.50 ലക്ഷം ലിറ്റർ ശേഷിയുള്ള ജലസംഭരണിക്കായി പോലീസ് ക്വാർട്ടേഴ്സിനു സമീപം റവന്യൂ പുറമ്പോക്കു കണ്ടെത്തി ജലഅഥോറിറ്റിക്കു കൈമാറി. നിർമാണത്തിന് 12.50 കോടിയുടെ ടെൻഡർ.
•അതിദരിദ്ര പട്ടികയിൽപ്പെട്ട രണ്ടു കുടംബങ്ങൾക്കു ഭൂമി വാങ്ങി വീടു നിർമാണത്തിനു നടപടി. മറ്റു രണ്ടു കുടുംബങ്ങൾക്കുള്ള വീടു നിർമാണം പുരോഗമിക്കുന്നു. അതിദാരിദ്ര്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു.
കോട്ടങ്ങൾ...
കെ. മനോജ്കുമാർ
(ബിജെപി പാർലമെന്ററി
പാർട്ടി നേതാവ് )
•ജലജീവൻ പദ്ധതി പൂർത്തീകരിക്കാൻ സാധിച്ചില്ല.
•രണ്ടാം നമ്പർ ഷോപ്പിംഗ് കോംപ്ലക്സ് നിൽക്കുന്ന സ്ഥലം പഞ്ചായത്തിന്റെ പേരിലാക്കാൻ സാധിച്ചില്ല. ഇതിന്റെ ഭൂമി ദേശീയപാതയ്ക്കു വിട്ടുകൊടുത്തതിന്റെ നഷ്ടപരിഹാരത്തുക വാങ്ങിയെടുത്തില്ല.
•ഷോപ്പിംഗ് കോംപ്ലക്സിലെ അനധികൃത കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കാനായില്ല. പഞ്ചായത്തിന് ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം.
•മാലിന്യസംസ്കരണ, മാലിന്യസംഭരണ സംവിധാനങ്ങൾ പൂർണമാക്കാനായില്ല.
•പൊതുജലാശയങ്ങളിലെ പോള നീക്കാൻ നടപടിയില്ല. മിനി സിവിൽസ്റ്റേഷനടക്കമുള്ള നിർമാണം തടസപ്പെട്ടു.
•സ്വകാര്യ വ്യക്തികൾ കൈവശം വച്ചിരിക്കുന്ന അമ്പലപ്പുഴ ടൗൺ ക്ലബ് പഞ്ചായത്ത് ഏറ്റെടുക്കാനുള്ള നടപടി തുടങ്ങിയെങ്കിലും രാഷ്ട്രീയ ഇടപെൽ മൂലം പൂർത്തീകരിക്കാനായില്ല.
ഒറ്റനോട്ടത്തിൽ
കർഷകത്തൊഴിലാളികളും മത്സ്യത്തൊഴിലാളികളും കാർഷിക അനുബന്ധ തൊഴിൽ ചെയ്യുന്നവരുമാണ് പഞ്ചായത്തിലേറെയും. എല്ലാ മതവിഭാഗത്തിലുമുള്ള ജനങ്ങൾ വളരെ സൗഹാർദത്തോടെ കഴിഞ്ഞുവരുന്ന പഞ്ചായത്തിലെ ആകെ ജനങ്ങളുടെ എണ്ണം 2021ലെ സെൻസസ് പ്രകാരം 23205. 2020ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ആകെ വോട്ടർമാർ 16,306.
ഇതിൽ 7,565 പുരുഷ വോട്ടർമാരും 8,741 സ്ത്രീകളും. 95 ശതമാനത്തോളം സാക്ഷരതയുള്ള ഗ്രാമത്തിലെ വിദ്യാഭ്യാസ, സാംസ്കാരിക, സാമൂഹിക സ്ഥാപനങ്ങൾ സാമൂഹിക ഐക്യത്തിനു വലിയ പങ്കുവഹിക്കുന്നു. നിലവിലെ കക്ഷിനില: ആകെ വാർഡുകൾ- 15. സിപിഎം-7, സിപിഐ- 1, ബിജെപി- 6, എസ്ഡിപിഐ -1.