ചാരുംമൂട് ജംഗ്ഷനിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് ആറു പേർക്കു പരിക്ക്
1600921
Sunday, October 19, 2025 6:09 AM IST
ചാരുംമൂട്: ആംബുലന്‍സും കാറും കൂട്ടിയിടിച്ച് ആറു പേർക്കു പരിക്കേറ്റു. കാർ യാത്രികരായ കാർത്തികപ്പള്ളി ചിങ്ങോലി കുന്നേൽ വടക്കേതിൽ സഫീർ, ഭാര്യ മനീഷ സഫീർ, ഇവരുടെ ബന്ധുക്കളായ കായംകുളം എരുവ സ്വദേശിനികളായ സുലേഖ, ലൈല കുഞ്ഞുമോൾ, ആംബുലൻസ് ഡ്രൈവർ പള്ളിപ്പാട് സ്വദേശി ജോർജി എന്നിവർക്കാണ് പരിക്കേറ്റത്.
കാർ യാത്രികരെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ചാരുംമൂട് ജംഗ്ഷനിൽ കഴിഞ്ഞ ദിവസം അർധരാത്രിയോടെയായിരുന്നു അപകടം. കൊല്ലം-തേനി ദേശീയപാതയിലൂടെ അമിതവഗത്തിൽ വന്ന ആംബുലൻസ് ചാരുംമൂട് ജംഗ്ഷനിലെ ട്രാഫിക് സിഗ്നലിനു സമീപം കെപി റോഡിലൂടെ കായംകുളം ഭാഗത്തേക്ക് വരികയായിരുന്ന കാറിൽ ഇടിക്കുകയും ആംബുലൻസ് തലകീഴായി മറിയുകയുമായിരുന്നു.
പരുമല സ്വകാര്യ ആശുപത്രിയിലെ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. ആംബുലൻസിൽ രോഗികൾ ആരുമില്ലായിരുന്നു. നൂറനാട് പോലീസ് കേസെടുത്തു.