മിച്ചല്‍ ജംഗ്ഷന് വികസനം: തർക്കം, ബഹിഷ്കരണം
1600924
Sunday, October 19, 2025 6:09 AM IST
മാവേലിക്കര: മാവേലിക്കര മിച്ചല്‍ ജംഗ്ഷന് വികസനം സംബന്ധിച്ച് ജില്ലാതല സാമൂഹിക പ്രത്യാഘാത പഠന യൂണിറ്റായ കളമശേരി രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സ് നടത്തിയ സമൂഹിക പ്രത്യാഘാത പഠന റിപ്പോര്‍ട്ടിന്റെ കരടിന്മേല് പൊതുവാദം നടന്നു.
മാവേലിക്കര മിനി സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഹിയറിംഗില്‍ ജനപ്രതിനിധികള്‍, ഭൂവുടമകള്‍, വ്യാപാരികള്‍, സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു. നിലവില്‍ 18 മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന റോഡ് വടക്ക് തെക്ക് ഭാഗങ്ങളില്‍ അന്‍പത് മീറ്റര്‍ നീളത്തിലും കിഴക്ക് പടിഞ്ഞാറ് ഭാഗങ്ങളില്‍ നൂറ് മീറ്റര്‍ നീളത്തിലുമാണ് വീതികൂട്ടൽ പറഞ്ഞിരിക്കുന്നത്.
ഭിന്നസ്വരം
18 മീറ്റര്‍ വീതിയാക്കുന്നതു വലിയ ആഘാതമായിരിക്കുമെന്നും 14 മീറ്റർ മതിയെന്നുമായിരുന്നു വ്യാപാരികളുടെ വാദം. എന്നാൽ, ഭാവിയിൽ വികസനവും പുതിയ സ്ഥാപനങ്ങളും വരണമെങ്കിൽ 18 മീറ്റർ വീതി തന്നെ വേണമെന്ന നിലപാടാണ് ഭൂഉടമകൾ സ്വീകരിച്ചത്. ഭൂമിക്കു മതിയായ നഷ്ടപരിഹാരം നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു. നിലവിലെ വികസനം കുപ്പിക്കഴുത്ത് പോലെയാണെന്നും ആക്ഷേപം ഉയർന്നു.
ഇറങ്ങിപ്പോയി
അതേസമയം, പദ്ധതിപ്രദേശത്തെ ജനപ്രതിനിധികള്‍ പദ്ധതിതന്നെ ആശാസ്ത്രീയമെന്ന് ആരോപിച്ച് ഇറങ്ങിപ്പോയി. മാവേലിക്കര നഗരസഭ ചെയര്മാന് നൈനാന് സി. കുറ്റിശേരില്‍, വാര്‍ഡ് മെംബര്‍മാരായ ലളിത രവീന്ദ്രനാഥ്, അനി വര്‍ഗീസ്, മനസ് രാജന്, ശാന്തി അജയന് എന്നിവരാണ് ഇറങ്ങിപ്പോയത്.
രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സ് ഡവലപ്മെന്റ് ഓഫീസര്‍ സി.പി. ബിജു, കോളജ് റിസര്‍ച്ച് അസോസിയേറ്റുകളായ മരിയ കെന്‍സി, കെ.ഒ. വര്‍ഗീസ്, പിഡബ്ല്യൂഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ഷാനജ, എ.ഇ അനീഷ്, ഭൂമി ഏറ്റെടുക്കല്‍ ഡപ്യൂട്ടി തഹസില്‍ദാര്‍ ആര്. രാജീവ്, റവന്യു ഇന്‍സ്പെക്ടര്‍ ബിജു എന്നിവര്‍ പങ്കെടുത്തു.
അന്തിമ റിപ്പോര്‍ട്ട് കളക്ടര്‍ അധ്യക്ഷനായ വിദഗ്ധസമിതി പരിശോധിച്ച ശേഷം അംഗീകാരം നല്‍കും. റിപ്പോര്‍ട്ട് അംഗീകരിച്ച ശേഷം ഭൂമിയേറ്റെടുക്കാനുള്ള പ്രാരംഭ വിജ്ഞാപനത്തിലേക്കു കടക്കും. മിച്ചല്‍ ജംഗ്ഷന് വികസനത്തിനെതിരേ ഹൈക്കോടതിലുണ്ടായിരുന്ന കേസിന്റെ വിധിയില്‍ സാമൂഹിക പ്രത്യാഘാതപഠനം വീണ്ടും നടത്തണമെന്നു കോടതി നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണ് പുതിയ പഠനം ഇപ്പോൾ നടന്നുവരുന്നത്. 45 ദിവസത്തിനകം പഠനം പൂര്‍ത്തിയാക്കണമെന്നും ഒരു കാരണവശാലും ആറു മാസത്തില്‍ കൂടരുതെന്നും നിർദേശമുണ്ട്.
ഇഴഞ്ഞിഴഞ്ഞ് ഏഴാം വർഷത്തിൽ
മാവേലിക്കര: മുന്‍ എംഎല്‍എ ആര്. രാജേഷിന്റെ കാലഘട്ടത്തിലാണ് ടൗണ്‍ വികസനത്തിനു പച്ചക്കൊടി കാട്ടുന്നത്. ആദ്യഘട്ട സര്‍വേകളും മറ്റും നടന്നു പോയെങ്കിലും പിന്നീട് ഇഴഞ്ഞു തുടങ്ങി.
നിലവില്‍ മൂന്നാം സാമൂഹിക പ്രത്യാഘാത പഠനമാണ് രാജഗിരി കോളജ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴും അലൈന്മെന്റിൽ തട്ടിയാണ് തർക്കം.പുരാതന നഗരങ്ങളിലൊന്നായ മാവേലിക്കരയിൽ കാര്യമായ വികസനക്കാറ്റ് വീശിയിട്ടില്ല. നഗര ഹൃദയത്തിലെ വീതി ഇല്ലായ്മയാണ് പ്രധാന പ്രശ്നം. മിച്ചല്‍ ജംഗ്ഷനില്‍നിന്നു കിഴക്കുപടിഞ്ഞാറ് ഭാഗങ്ങളിലേക്കു നൂറു മീറ്റർ നീളത്തിലും തെക്കുപടിഞ്ഞാറ് ഭാഗത്തേക്ക് അന്‍പത് മീറ്റര്‍ നീളത്തിലുമാണ് വീതികൂട്ടല്‍ വിഭാവനം ചെയ്യുന്നത്.
എന്നാൽ, പുളിമൂട് പാലം മുതല്‍ ജില്ലാ ആശുപത്രി ജംഗ്ഷന് വരെയും ബുദ്ധ ജംഗ്ഷന് മുതല്‍ മണ്ഡപത്തിന് കടവ് വരെയും വീതികൂട്ടിയാൽ മാത്രമേ പ്രയോജനമുള്ളെന്നു ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.
നിലവിൽ നഗരത്തിൽ വാഹനപാർക്കിംഗിന് യാതൊരു സൗകര്യവുമില്ല. ചെറിയൊരു ഭാഗത്തു മാത്രം വീതികൂട്ടൽ നടപ്പാക്കിയതുകൊണ്ട് പാർക്കിംഗിനു പ്രയോജനം കിട്ടില്ല. മാത്രമല്ല കൂടുതൽ ഗതാഗത കുരുക്കിലേക്ക് ഇതു നയിക്കുമെന്നും ഇവർ പറയുന്നു. ഏഴു വർഷമായി തുടരുന്ന ചർച്ചകൾ ഇനി എത്ര കാലം നീളുമെന്ന ആശങ്കയിലാണ് നഗരവാസികൾ.
മിച്ചല്‍ ജംഗ്ഷന് വികസനം അശാസ്ത്രീയം: കോണ്‍ഗ്രസ്
മാവേലിക്കര: നിലവില്‍ മാവേലിക്കരയില്‍ നടപ്പാക്കാന്‍ എംഎല്‍എ ശ്രമിക്കുന്ന മിച്ചല്‍ ജംഗ്ഷന് വികസനം അശാസ്ത്രീയമാണെന്നു മാവേലിക്കര ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അനി വര്‍ഗീസ് പറഞ്ഞു.
നഗരത്തില്‍ ളാഹയില്‍ മുക്ക് ജംഗ്ഷന് മുതല്‍ പ്രായിക്കര വരെയും തട്ടാരമ്പലം മുതല്‍ തഴക്കര ഓവര്‍ബ്രിഡ്ജു വരെയും വീതികൂട്ടൽ സാധ്യമായാല്‍ മാത്രമേ മാവേലിക്കരയുടെ വികസനം പൂര്‍ണമാകൂ. മിച്ചല്‍ ജംഗ്ഷനിലെ വളരെ കുറച്ചു ദൂരം മാത്രം വീതി കൂട്ടുന്നത് യാതൊരുവിധ ഗുണവും മാവേലിക്കര നഗരത്തിനു ചെയ്യില്ല. ഹിയറിംഗില്‍ പോലും വ്യക്തമായ ധാരണ ഇല്ലെന്നും അതിനാലാണ് ബഹിഷ്കരിച്ചതെന്നും അദ്ദേഹം പറഞ്ഞു.