ആർപ്പോ... ആലപ്പുഴ! റവന്യു ജില്ലാ സ്കൂൾ കായിക മേള ഓവറോൾ ചാന്പ്യൻഷിപ്പ്
1600926
Sunday, October 19, 2025 6:09 AM IST
മുഹമ്മ: ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന റവന്യു ജില്ലാ സ്കൂൾ കായിക മേളയിൽ ആലപ്പുഴ സബ് ജില്ല ഓവറോൾ ചാന്പ്യൻഷിപ്പ് കരസ്ഥമാക്കി. ചേർത്തല സബ് ജില്ലയ്ക്കാണ് രണ്ടാം സ്ഥാനം.
ആലപ്പുഴ സബ് ജില്ലയ്ക്ക് 346 പോയിന്റും ചേർത്തല സബ് ജില്ലയ്ക്ക് 329 പോയിന്റും ലഭിച്ചു. 56 പോയിന്റ് നേടിയ മാവേലിക്കര സബ് ജില്ലയാണ് മൂന്നാം സ്ഥാനത്ത്.
സ്കൂൾ വിഭാഗത്തിൽ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് 107 പോയിന്റ് ലഭിച്ചപ്പോൾ രണ്ടാം സ്ഥാനത്ത് എത്തിയ ആലപ്പുഴ എസ്ഡിവി ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ 93 പോയിന്റ് കരസ്ഥമാക്കി. 76 പോയിന്റ് ലഭിച്ച ആലപ്പുഴ ലിയോ തേർട്ടിന്ത് ഹയർ സെക്കൻഡറി സ്കൂളാണ് മൂന്നാം സ്ഥാനത്ത്.
ത്രില്ലിംഗ് ക്ലൈമാക്സ്
നാലുനാൾ നീണ്ട മത്സരത്തിൽ വാശിയേറിയ പോരാട്ടമാണ് ആലപ്പുഴ സബ് ജില്ലയും ചേർത്തല സബ് ജില്ലയും നടത്തിയത്. ഓരോ ദിവസവും മേള തീരുമ്പോൾ ഏതാനും പോയിന്റുകളുടെ വ്യത്യാസം മാത്രമാണ് ഈ സബ് ജില്ലകൾ തമ്മിൽ ഉണ്ടായിരുന്നത്.
ഇന്നലെ നടന്ന മത്സരത്തിൽ അവസാന നിമിഷം വരെ ഫലം പ്രവചനാതീതമായിരുന്നു. ജില്ലാ പഞ്ചായത്തംഗം ആർ. റിയാസ് സമ്മാനദാനം നടത്തി. വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ഇ.എസ് ശ്രീലത, ആർജിഎസ്ഡിഎ സെക്രട്ടറി ആർ. അനസ്, മുഹമ്മ മദർ തെരേസാ ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് മെയ്മോൾ ജോസഫ്, എം.വി. സാബുമോൻ, എൽ. വിനോദ് കുമാർ, സഹിതാ സതീശൻ, എസ്. സുജീഷ് എന്നിവർ പ്രസംഗിച്ചു.
കലവൂരുകാരെ കളറാക്കിയ കരസ്പർശം ഇവരുടേത്
മുഹമ്മ: പരിമിതികളോട് പടവെട്ടിയാണ് സ്കൂൾ വിഭാഗം മൽസരത്തിൽ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിഭാഗം മൽസരത്തിൽ ഒന്നാമതെത്തിയത്. ആലപ്പുഴ എസ് ഡിവി സ്കൂളുമായി ഇഞ്ചോടിച്ച് മൽസരിച്ചാണ് കലവൂർ സ്കൂൾ വെന്നിക്കൊടി പാറിച്ചത്.

കായികാധ്യാപിക അന്നമ്മ അഗസ്റ്റിന്റെയും സ്പോർട്സ് കൗൺസിൽ കോച്ച് കെ.ആർ. സാംജിയുടെയും ശിക്ഷണത്തിലാണ് കലവൂർ സ്കൂളിലെ കുട്ടികൾ മേളയിൽ മാറ്റുരയ്ക്കാൻ എത്തിയത്.
കായിക പരിശീലനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ കുറവുള്ള സ്കൂളാണ് കലവൂർ സ്കൂളെങ്കിലും സംസ്ഥാന തലത്തിലും ദേശീയ തലത്തിലുമെല്ലാം ഒന്നാമതെത്തുന്ന താരങ്ങളെ സംഭാവന ചെയ്യാൻ സ്കൂളിനു കഴിയുന്നുണ്ട്.
അന്നമ്മ അഗസ്റ്റിൻ തെരഞ്ഞെടുക്കുന്ന താരങ്ങളെ വിദഗ്ധ പരിശീലനം നൽകി മുൻ നിരയിലെത്തിക്കുന്നത് സ്പോർട്സ് കൗൺസിലിന്റെ റീജണൽ കോച്ചിംഗ് സെന്ററായ പ്രീതികുളങ്ങരയിലെ കലവൂർ ഗോപിനാഥ് സ്റ്റേഡിയവും ഇവിടെ കോച്ചായ കെ.ആർ. സാംജിയുമാണ്.