ഇടത്താവളത്തിൽ ദുരിതപ്പെരുമഴ
1601378
Monday, October 20, 2025 11:36 PM IST
ചെങ്ങന്നൂര്‍: മണ്ഡലകാലം ആരംഭിക്കാന്‍ ഒരുമാസം മാത്രം അവശേഷിക്കെ ശബരിമല തീര്‍ഥാടകരുടെ പ്രധാന ഇടത്താവളമായ ചെങ്ങന്നൂരില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിലെ ക്രമീകരണങ്ങള്‍ എങ്ങുമെത്തിയില്ല. ലക്ഷക്കണക്കിന് അയ്യപ്പന്മാര്ക്ക് താമസത്തിനും പ്രാഥമിക ആവശ്യങ്ങള്‍ക്കും മതിയായ സംവിധാനങ്ങളില്ലാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു.
ശബരിമലയിലേക്കുള്ള യാത്രയ് ക്കു മുന്‍പും മലയിറങ്ങി വന്ന ശേഷവും തീര്‍ഥാടകര്‍ ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തില്‍ ദര്‍ശനം നടത്താറുണ്ട്. എന്നാല്‍, ഇവിടെ വിശ്രമിക്കാനുള്ള സത്രമോ, ആവശ്യത്തിന് ശൗചാലയങ്ങളോയില്ല.
പാതിവഴിയില്‍
ഇടത്താവള
നിര്‍മാണം
മഹാദേവക്ഷേത്രത്തിന് മുന്പില് ശബരിമല ഇടത്താവളം എന്ന് ബോര്‍ഡ് വച്ചിട്ടുണ്ടെങ്കിലും തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മിക്കുന്ന ഇടത്താവളത്തിന്റെ പണി പാതിവഴിയിലാണ്.
10.48 കോടി ചെലവില്‍ ആധുനിക സൗകര്യങ്ങളോടെ മഹാദേവക്ഷേത്രത്തിന് സമീപം കുന്നത്തുമലയില്‍ നിര്‍മിക്കുന്ന മൂന്നുനില കെട്ടിടം ഈ മണ്ഡല-മകരവിളക്ക് ഉത്സവത്തിനും തുറന്നുകൊടുക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല.
കാലതാമസം
2019ല്‍ ആരംഭിച്ച പദ്ധതി രണ്ടു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുമെന്നായിരുന്നു ദേവസ്വം ബോര്‍ഡ് വാഗ്ദാനം. എന്നാല്‍, ഒരു നില പോലും പൂര്‍ണമായിട്ടില്ല.
നിര്‍മാണച്ചുമതലയുള്ള നാഷണല്‍ ബില്‍ഡിംഗ് കണ്സ്ട്രഷന് കോര്‍പറേഷനെയാണ് ബോര്‍ഡ് അധികൃതര്‍ പഴിക്കുന്നത്.
വാഗ്ദാനം ചെയ്ത
സൗകര്യങ്ങള്‍
40,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍, 25 കാറുകള്‍ക്ക് ഒരേസമയം പാര്‍ക്കിംഗ്, 200 പുരുഷന്മാര്ക്കും 100 സ്ത്രീകള്‍ക്കും താമസിക്കാവുന്ന ഡോര്‍മിറ്ററി, 350 പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന അന്നദാന മണ്ഡപം, പാചകശാല, മൂന്ന് ലിഫ്റ്റുകള്‍, ഭിന്നശേഷി സൗഹൃദ ശുചിമുറികള്‍ എന്നിവയായിരുന്നു വാഗ്ദാനം.
താത്കാലിക
സൗകര്യങ്ങള്‍ ഇല്ലാതായി
മുന്‍പ് ഉണ്ടായിരുന്ന ഭജനമഠം ജീര്‍ണിച്ച് നശിച്ചു. കെട്ടിടനിര്‍മാണത്തിനായി നഗരസഭയുടെ താത്കാലിക ശുചിമുറികളും പൊളിച്ചുനീക്കിയത് തീര്‍ഥാടകരെ കൂടുതല്‍ ദുരിതത്തിലാക്കി.
ക്ഷേത്രത്തിന് കിഴക്കേ നടയിലുള്ള ചെറിയ ശൗചാലയങ്ങള്‍ തീര്‍ത്തും അപര്യാപ്തമാണ്. ആറാട്ടുകടവിലേക്കുള്ള വഴികളിലും ക്ഷേത്രമതില്‍ ചുറ്റിയുള്ള റോഡുകളിലും വിസര്‍ജ്യങ്ങള്‍ നിറയുന്ന അവസ്ഥ നാട്ടുകാര്‍ക്ക് ദുരിതമാവുന്നു. ശുചീകരണത്തിനായി സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാറുണ്ടെങ്കിലും അത് ഫലപ്രദമായി വിനിയോഗിക്കാറില്ലെന്ന് ആക്ഷേപമുണ്ട്. ഓടകള്‍ വൃത്തിയാക്കുന്നതിനുള്ള ശ്രമങ്ങള്‍ പോലും ഇതുവരെ ആരംഭിച്ചിട്ടില്ല.
മണ്ഡലകാലത്ത് മുടക്കം വരാതെ കുടിവെള്ളം ലഭ്യമാക്കുന്നതില്‍ ജല അഥോറിറ്റിക്കും റെയില്‍വേക്കും ആശങ്കയുണ്ട്. കുന്നത്തുമല ശുദ്ധജല പദ്ധതിയിലെ 4.5 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ജലസംഭരണിക്ക് ചോര്‍ച്ചയുള്ളതിനാല്‍ പൂര്‍ണമായി വെള്ളം ശേഖരിക്കാനാവുന്നില്ല. നിലവില്‍ ഒന്നിടവിട്ട ദിവസങ്ങളിലാണ് നഗരത്തില്‍ പല ഭാഗത്തും വെള്ളം വിതരണം ചെയ്യുന്നത്. തീര്‍ഥാടനകാലത്ത് പ്രതിദിനം രണ്ടു ലക്ഷം ലിറ്റര്‍ വരെ വെള്ളം വേണ്ട റെയില്‍വേ സ്റ്റേഷനിലും ക്ഷാമം രൂക്ഷമാകും.
മിത്രപ്പുഴക്കടവിലും
സുരക്ഷയില്ല
തീര്‍ഥാടകര്‍ സ്നാനഘട്ടമായി ഉപയോഗിക്കുന്ന മിത്രപ്പുഴക്കടവിന്റെ അവസ്ഥയും പരിതാപകരമാണ്. സുരക്ഷാവേലിയില്‍ മാലിന്യം തങ്ങിനില്ക്കുകയും വലിയതോതില്‍ ചെളിയടിയുകയും ചെയ്തിരിക്കുന്നു. പടിഞ്ഞാറെ കടവ് ഉപയോഗശൂന്യമായി.
പമ്പാനദിയിലെ ശക്തമായ അടിയൊഴുക്കു കാരണം പരിയമില്ലാത്തവര് അപകടത്തില്‍പ്പെടാന്‍ സാധ്യതയുണ്ട്. മണ്ഡലകാലത്തുമാത്രമാണ് ഇവിടെ സുരക്ഷ ഏര്‍പ്പെടുത്താറ്. എല്ലാ മാസപൂജാസമയത്തും സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം അഗ്നിരക്ഷാസേന പരിഗണിച്ചിട്ടില്ല. ഇതുസംബന്ധിച്ച് നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
മുന്നറിയിപ്പ്
സംവിധാനമില്ല
ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള തീര്‍ഥാടകര്‍ക്ക് അപകട മുന്നറിയിപ്പ് നല്കാന് യാതൊരു മാര്‍ഗവും ഇവിടെ അവലംമ്പിച്ചിട്ടില്ല. വിവിധ ഭാഷകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിക്കുകയും മതിയായ സുരക്ഷ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ശബരിമല അവലോകന യോഗത്തില്‍ തീരുമാനം എടുത്തിരുന്നു. തീരുമാനം നടപ്പിലാക്കിയാല്‍ ദുരിത വാര്‍ത്തകള്‍ കേള്‍ക്കേണ്ടി വരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാമെന്ന് ഭക്തജനങ്ങള്‍ പറഞ്ഞു.
ഭക്ഷ്യസുരക്ഷയും
യാത്രാദുരിതവും
മണ്ഡലകാലത്ത് കൂണുപോലെ മുളച്ചുപൊന്തുന്ന കടകളിലെ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ ഭക്ഷ്യസുരക്ഷാ സംവിധാനം ശക്തമല്ല. നിയോജകമണ്ഡലത്തില്‍ ഒരു ഭക്ഷ്യസുരക്ഷാ ഓഫീസര്‍ മാത്രമാണുള്ളത്. എല്ലാ സ്ഥാപനങ്ങളിലും പരിശോധന നടത്താന്‍ മൊബൈല്‍ വിജിലന്‍സ് സ്ക്വാഡിനെ നിയമിക്കണമന്ന ആവശ്യം നടപ്പിലായിട്ടില്ല.
തീര്‍ഥാടനകാലത്ത് കെഎസ്ആര്‍ടിസി പുതിയ ബസുകള്‍ ഉറപ്പുനല്‍കാറുണ്ടെങ്കിലും ഒരു വര്‍ഷവും ബസ് തികയാറില്ല. ചെങ്ങന്നൂര്‍ ഡിപ്പോയില്‍നിന്ന് ഏറ്റവും കൂടുതല്‍ സര്‍വീസുകള്‍ നടത്താറുണ്ടെങ്കിലും തിരക്ക് വര്‍ധിച്ചാല്‍ ബസ് ക്ഷമമുണ്ടാകുകയും സ്വകാര്യ വാഹനങ്ങള്‍ ഇത് മുതലെടുക്കുകയും ചെയ്യും.
പാര്‍ക്കിംഗ് പ്രശ്നം
ചെങ്ങന്നൂര്‍ ബസ് സ്റ്റാന്‍ഡില്‍ മതിയായ പാര്‍ക്കിംഗ് സൗകര്യമില്ല. ഏഴു മാസങ്ങള്‍ക്ക് മുന്‍പ് കെഎസ്ആര്‍ടിസി ഡിപ്പോയിലെ പഴയ കെട്ടിടം പൊളിച്ചുമാറ്റിയതും ഈ വര്‍ഷത്തെ തീര്‍ഥാടനത്തെ സാരമായി ബാധിക്കും. ഇപ്പോള്‍ രാത്രികാലങ്ങളില്‍ ബസുകള്‍ എംസി റോഡിന്റെ വശങ്ങളിലാണ് പാര്‍ക്ക് ചെയ്യുന്നത്.
കാത്തിരിപ്പുകേന്ദ്രമില്ല
കെഎസ്ആര്‍ട്ടിസി ഡിപ്പോയില്‍ താത്കാലിക കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിര്‍മാണം വൈകുകയാണ്. എംഎല്‍എ ഫണ്ടില്‍നിന്ന് 4.40 ലക്ഷം അനുവദിച്ച് ടെന്‍ഡര്‍ നടപടികള്‍ ഒരു മാസം മുന്‍പ് തുടങ്ങിയെന്ന് പറയുന്നതല്ലാതെ അതിന്റെ നിജസ്ഥിതി എന്താണെന്ന് ശബരിമല അവലോകന യോഗത്തിലും ചെങ്ങന്നുരിന്റെ എംഎല്‍എയും മന്ത്രിയുമായ സജി ചെറിയാന് വ്യക്തമാക്കിയില്ല. ഉടന്‍ കാത്തിരുപ്പു കേന്ദരം പണിയുമെന്ന് മാത്രമാണ് പറഞ്ഞത്.
മറ്റ്
പ്രശ്നങ്ങള്‍
റോഡ് തകര്‍ന്നു: മഹാദേവക്ഷേത്രത്തിന് ചുറ്റുമുള്ള റോഡില്‍ കിഴക്ക് ഭാഗത്ത് പത്തു മീറ്ററോളം റോഡ് ഇടിഞ്ഞുതാഴ്ന്നു. 30 അടിയിലേറെ കോണ്‍ക്രീറ്റ് അടര്‍ന്നിട്ടും ദേവസ്വം ബോര്‍ഡ് നടപടിയെടുത്തിട്ടില്ല.
ക്ഷേത്രത്തിലേക്കുള്ള വാഹനങ്ങളും ഭക്തരും ഉള്പ്പ െടെ നിരവധി യാത്രക്കാര്‍ ആശ്രയിക്കുന്ന റോഡാണ്.
ഫണ്ട് വകമാറ്റം: ശബരിമല തീര്‍ഥാടനത്തിനായി സര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ട് നഗരസഭ മറ്റ് ആവശ്യങ്ങള്‍ക്കായി വകമാറ്റി ചെലവഴിക്കുന്നതായി ആരോപണമുണ്ട്. 2012ല്‍ അനുവദിച്ച 15 ലക്ഷം രൂപയില്‍നിന്ന് പണമെടുത്ത് ഫ്രണ്ട് ലോഡ് ട്രാക്ടര്‍ വാങ്ങിയതായി പറയപ്പെടുന്നു.