റോഡിന്റെ തിട്ട ഇടിഞ്ഞുതാഴ്ന്നു; വൈദ്യുതി പോസ്റ്റ് അപകടനിലയിൽ
1601123
Sunday, October 19, 2025 11:22 PM IST
എടത്വ: പഞ്ചായത്ത് റോഡിന്റെ തിട്ട ഇടിഞ്ഞുതാഴ്ന്നു. വൈദ്യുതി പോസ്റ്റ് തോട്ടിലേക്ക് ചരിഞ്ഞ് അപകടനിലയിൽ. തലവടി പഞ്ചായത്ത് 11-ാം വാർഡിൽ മുരിക്കോലിമുട്ട്- ബഥേൽ റോഡിൽ കാഞ്ഞൂമഠം വീടിനു സമീപത്താണ് റോഡിന്റെ തിട്ട തോട്ടിലേക്ക് ഇടിഞ്ഞുതാഴ്ന്നത്. തിട്ട ഇടിഞ്ഞതോടെ വൈദ്യുതി പോസ്റ്റ് തോട്ടിലേയ്ക്ക് ചരിഞ്ഞ നിലയിലാണ്.
പോസ്റ്റ് തോട്ടിൽ വീണാൽ അപകടങ്ങൾക്കു കാരണമാകുമെന്ന് പരിസരവാസികൾ പറഞ്ഞു. ഓട്ടോയും കാറും ഈ റോഡിലൂടെ കടന്നുപോകുന്നത് ഏറെ ക്ലേശം സഹിച്ചാണ്. നാട്ടുകാർ പലതവണ അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല. അധികൃതരുടെ അവഗണനയ്ക്കെതിരേ പ്രതിഷേധസമരം നടത്താനാണ് നാട്ടുകാരുടെ തീരുമാനം.