എസ്റ്റിമേറ്റുകൾ പലത്; പരിഹാരം അകലെ
1601121
Sunday, October 19, 2025 11:22 PM IST
അമ്പലപ്പുഴ: കാലങ്ങളായി തുടരുന്ന വെള്ളക്കെട്ട് പരിഹാരിക്കാന്‍ എസ്റ്റിമേറ്റുകള്‍ പലതെടുത്തു. എന്നാല്‍, വെള്ളക്കെട്ടിനു പരിഹാരമായില്ല. ചെറിയ മഴ പെയ്താല്‍ പോലും അരയ്ക്കൊപ്പം വെള്ളം കയറുന്ന അവസ്ഥ. പുറത്തിറങ്ങാന്‍ ചങ്ങാടം ഉപയോഗിക്കേണ്ട സ്ഥിതി.
ഒന്‍പതു വര്‍ഷമായി തുടരുന്ന ഈ ദുരിതത്തിന് പരിഹാരം കാണാന്‍ ഒരധികൃതരും ഇവിടേക്ക് എത്തിയിട്ടുമില്ല. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഒന്നാം വാര്‍ഡ് വണ്ടാനം ഇഎംഎസ് ഷിഹാബ് നഗര്‍ റോഡിന് സമീപമുള്ള 15 ഓളം കുടുംബങ്ങളാണ് എല്ലാ മഴക്കാലത്തും വെള്ളക്കെട്ടിന്റെ ദുരിതത്തില്ക്കഴിയുന്നത്. ഒന്‍പതു വര്‍ഷം മുന്‍പ് റോഡ് നിര്‍മിക്കാനായി ഇവിടെ നേരത്തെയുണ്ടായിരുന്ന പൈപ്പ് മാറ്റിയതോടെയാണ് പ്രദേശവാസികളുടെ ദുരിതമാരംഭിച്ചത്.
പ്രദേശത്തെ വെള്ളക്കെട്ടിന് പരിഹാരമായി പതിറ്റാണ്ടുകള്‍ക്കു മുന്‍പ് സ്ഥാപിച്ച പൈപ്പ് പുതിയത് സ്ഥാപിക്കാമെന്ന ഉറപ്പിലാണ് മാറ്റിയത്. എന്നാല്‍, വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മുന്‍പ് മാറ്റിയ പൈപ്പ് ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. എല്ലാവര്‍ഷവും ആദ്യ മഴയില്‍ത്തന്നെ ഇതാണ് അവസ്ഥ. ഇത്തവണയും ഇതിന് മാറ്റമുണ്ടായിട്ടില്ല.
കഴിഞ്ഞ ഒരുദിവസത്തെ മഴയില്‍ പ്രദേശത്തെ വീടുകളിലെല്ലാം വെളളം കയറി. ഇപ്പോള്‍ വീടിന് പുറത്തിറങ്ങാന്‍ പല കുടുംബങ്ങളും ചങ്ങാടം നിര്‍മിച്ചിരിക്കുകയാണ്. മലിനജലത്തിലൂടെ നടന്ന് പലര്‍ക്കും അസുഖങ്ങളും പിടിപെട്ടു.
ഓടനിര്മിക്കാനും പൈപ്പിടാനുമായി പലതവണ പഞ്ചായത്ത് എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇവ രണ്ടും യാഥാര്‍ഥ്യമായില്ല. 4,85,000 രൂപയുടെ എസ്റ്റിമേറ്റാണ് തയാറാക്കിയത്. കഴിഞ്ഞവര്‍ഷം രണ്ട് മാസത്തോളമാണ് ഇവര്‍ വെള്ളക്കെട്ടിന്റെ ദുരിതമനുഭവിച്ചത്. ഇനി തുലാവര്‍ഷം ശക്തമായാല്‍ വെള്ളക്കെട്ട് രൂക്ഷമാകുന്നതോടെ വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാകും. വെള്ളം ഇങ്ങനെ കെട്ടിക്കിടക്കുന്നതിനാല്‍ പല കുടുംബത്തിനും പ്രാഥമികാവശ്യം നിര്‍വഹിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയായി.
വെള്ളം ഒഴുകിപ്പോകാന്‍ മാര്‍ഗമില്ലാതെ വന്നതോടെ പ്രദേശത്തുനിന്നുള്ള മലിനജലമെല്ലാം ഇവിടെ കെട്ടിക്കിടക്കുകയാണ്. ഇതോടെ കുട്ടികള്‍ക്ക് സ്കൂളുകളില്‍ പോകാന്‍ പോലും കഴിയാത്ത സ്ഥിതിയായി. ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെട്ട് ശാശ്വതപരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പഞ്ചായത്ത് ഭരണസമിതിയുടെ കാലാവധി അവസാനിക്കാന്‍ ഇനി ആഴ്ചകള്‍ മാത്രമവശേിക്കേ തങ്ങളുടെ ദുരിതത്തിന് ആര്, എങ്ങനെ പരിഹാരം കാണുമെന്ന ആശങ്കയാണ് ഇവര്‍ക്ക്.