അമൽജ്യോതി എൻജിനിയറിംഗ് കോളജിൽ നാഷണൽ ടെക് ഫെസ്റ്റ് ‘ഐത്ര’ സമാപിച്ചു
Monday, October 20, 2025 2:20 AM IST
കാഞ്ഞിരപ്പള്ളി: അമൽജോതി എൻജിനിയറിംഗ് കോളജ് ഓട്ടോണമസിൽ സ്റ്റുഡന്റ്സ് കൗൺസിൽ സംഘടിപ്പിച്ച ദേശീയതല സാങ്കേതിക മേള - ഐത്ര 2025 രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 5000 ത്തിലധികം വിദ്യാർഥികളുടെ പങ്കാളിത്തം കൊണ്ടും വിവിധ തരത്തിലുള്ള പരിപാടികൾ കൊണ്ടും വിദ്യാർഥികളുടെ സാങ്കേതിക മികവിന്റെ മഹോത്സവമായി മാറി. ഫെസ്റ്റിന്റെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി സാജു വർഗീസ് നിർവഹിച്ചു.
പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബ്, അഡ്മിനിസ്ട്രേറ്റർ റവ.ഡോ. റോയ് ഏബ്രഹാം പഴേപറമ്പിൽ, പ്രോഗ്രാം അഡ്വവൈസർ റവ.ഡോ. സിജു ജോൺ പുല്ലംപ്ലായിൽ, സ്റ്റുഡന്റ്സ് കൗൺസിൽ സ്റ്റാഫ് കോ-ഓർഡിനേറ്റർ ഫെബിൻ സാം ഫിലിപ്പ്, സ്റ്റുഡന്റ്സ് കൗൺസിൽ പ്രതിനിധികളായ ജെയ്സ് ജോർജ്, ഹിബ നിസാർ എന്നിവർ പങ്കെടുത്തു.
എഴുപതിലധികം ടെക്നിക്കൽ ഇവന്റുകളും വർക്ക്ഷോപ്പുകളും ഉൾപ്പെടുത്തി നടത്തിയ ഫെസ്റ്റിൽ റോബോട്ടിക്സ്, ആർട്ടിഫിഷൽ ഇന്റലിജൻസ്, ഹാക്കത്തൺ തുടങ്ങിയ വിവിധ മത്സരയിനങ്ങളിൽ പങ്കെടുത്തു വിജയികളായ വിദ്യാർഥികൾക്ക് ഏഴുലക്ഷം രൂപയുടെ കാഷ് പ്രൈസ് സമ്മാനമായി നൽകി.
ഓട്ടോ മൊബൈൽ ഡിപ്പാർട്ട്മെന്റിന്റെയും മെക്കാനിക്കൽ ഡിപ്പാർട്ട്മെന്റിന്റെയും സഹകരണത്തോടെ ടെക് ഫെസ്റ്റിന്റെ അവസാനദിവസം നടന്ന റെഡ്ലൈൻ ഓട്ടോ എക്സ്പോയിൽ 45ലധികം സൂപ്പർ കാറുകളുടെ റാലിയും ഷോയും ടെക് ഫെസ്റ്റിന്റെ മാറ്റു കൂട്ടി.
ടെക് ഫെസ്റ്റിന്റെ ദിനങ്ങളിൽ വിവിധ ഡിപ്പാർട്ട്മെന്റിൽനിന്നുള്ള ഫൺസോൺ ആക്റ്റിവിറ്റികളും ഫുഡ് സ്റ്റാളുകളും ഏറെ ശ്രദ്ധയാകർഷിച്ചു.