ഫിറ്റ്നസ് സെന്ററിന്റെ മറവിൽ മയക്കുമരുന്ന് കച്ചവടം: ഉടമ അറസ്റ്റിൽ
1601126
Sunday, October 19, 2025 11:22 PM IST
ചാരുംമൂട്: ഫിറ്റ്നസ് സെന്ററിന്റെ മറവിൽ മയക്കുമരുന്ന് കച്ചവടം നടത്തിവന്ന ഉടമ അറസ്റ്റിൽ. നൂറനാട് പാലമേൽ കൈലാസം വീട്ടിൽ അഖിൽ ജി. നാഥ് (31) ആണ് പിടിയിലായത്. ഇയാളുടെ വീട്ടിലെ കിടപ്പുമുറിയിൽനിന്ന് 48 ഗ്രാം എംഡിഎംഎ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും നുറനാട് പോലീസും ചേർന്ന് കണ്ടെടുത്തു.
നൂറനാട് പടനിലത്ത് ഫിറ്റ്നസ് സെന്റർ നടത്തുകയാണ് അഖിൽ നാഥ്. രണ്ടുമാസം മുമ്പ് ഇയാളുടെ ഫിറ്റ്നസ് സെന്റർ ട്രെയിനറായിരുന്ന കിരണിനെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നുറനാട് പോലീസും ചേർന്ന് പിടികുടിയിരുന്നു. ഇതേതുടർന്ന് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു അഖിൽ ജി. നാഥ്.
ബംഗളൂരുവിൽനിന്ന് എംഡിഎംഐ വാങ്ങി നൽകുന്ന നൂറനാട് പടനിലം പറ്റൂർ സ്വദേശി ബിനുരാജിനെയും നൂറനാട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫിറ്റ്നസ് സെന്ററിൽ എത്തുന്ന യുവാക്കളെയും യുവതികളെയും രാസലഹരി പോലുള്ള മയക്കുമരുന്ന് കൊടുത്ത് ഫിറ്റ്നസിന് ഇത് ആവശ്യമാണെന്ന് വരുത്തി വൻതോതിൽ രാസലഹരി കച്ചവടമാണ് ഇയാൾ സെന്ററിന്റെ മറവിൽ നടത്തി വന്നിരുന്നതെന്ന് പോലീസ് കണ്ടെത്തി.
ഫിറ്റ്നസ് സെന്ററിൽ സ്ഥിരം പോയിരുന്ന ചില യുവാക്കൾ മയക്കുമരുന്ന് ഉപയോഗിച്ച് നുറനാട്ടുള്ള ലഹരിവിമുക്ത കേന്ദ്രത്തിൽ ചികിത്സതേടിയതായും പോലീസിന് വിവരം ലഭിച്ചു. ലഹരി ഉപയോഗിക്കുന്നതിന് പ്രത്യേകം പാർട്ടി ഇയാൾ നടത്തിയിരുന്നതായി പോലീസ് പറയുന്നു.
ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി ജില്ലാ പോലീസ് മേധവി എം.പി. മോഹനചന്ദ്രന്റെ മേൽനോട്ടത്തിൽ നർക്കോട്ടിക് സെൽ ഡിവൈഎസ്പി ബി. പങ്കജാക്ഷന്റെ നേതൃത്യത്തിലുള്ള ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചെങ്ങന്നൂർ ഡിവൈഎസ് പി എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തിൽ നൂറനാട് സിഐ ശശികുമാർ, എസ് ഐ ശ്രീജിത്ത്, ഗ്രേഡ് എഎസ്ഐ സിനു വർഗീസ്, സിപിഒ കലേഷ്, വിഷ്ണു, രജനി, ജഗദിഷ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.