വോട്ടേഴ്സ് ലിസ്റ്റിൽ വിദ്യാർഥിക്ക് പേരു ചേർക്കാൻ കഴിയുന്നില്ലെന്ന് പരാതി
1601129
Sunday, October 19, 2025 11:22 PM IST
എടത്വ: പ്രായപൂർത്തിയായിട്ടും വോട്ടേഴ്സ് ലിസ്റ്റിൽ വിദ്യാർഥിക്ക് പേര് ചേർക്കാൻ കഴിയുന്നില്ലെന്ന് പരാതി. എടത്വ പഞ്ചായത്ത് 11 -ാം വാർഡിൽ പച്ച മണ്ണാംതുരുത്തിൽ പ്രിയൻ വി. വർഗീസാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ കഴിയാതെ നാലാം വട്ടവും മടങ്ങിയത്. ലിസ്റ്റിൽ പേര് ചേർക്കൽ ആരംഭിച്ചതോടെ പ്രിയൻ വി. വർഗീസ് എടത്വ പഞ്ചായത്തിൽ എത്തിയിരുന്നു. അടുത്ത ഞായറാഴ്ചയിലേക്ക് സമയം മാറ്റി നൽകി.
അധികൃതർ നൽകിയ സമയത്ത് എത്തിയെങ്കിലും പഞ്ചായത്ത് അടഞ്ഞു കിടക്കുകയായിരുന്നു. വീണ്ടും അപേക്ഷ നൽകിയതോടെ ഹിയറിംഗിന് വിളിപ്പിച്ചു. ഹിയറിംഗിന് വിളിപ്പിച്ച ദിവസം പഞ്ചായത്തിൽ എത്തിയപ്പോൾ വീണ്ടും അധികൃതർ സമയം നൽകി.
വോട്ടർ ലിസ്റ്റ് ക്രമപ്പെടുത്തുന്നതിന്റെ ഭാഗമായി ഞായറാഴ്ചയും ഓഫീസ് പ്രവർത്തിക്കുമെന്നാണ് ഉദ്യോസ്ഥർ പറഞ്ഞത്. ഇതു പ്രകാരം ഇന്നലെ പഞ്ചായത്തിൽ എത്തിയെങ്കിലും പതിവു പോലെ ഓഫീസ് അടഞ്ഞുകിടക്കുകയായിരുന്നു.
ജീവനക്കാരുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പഠനാവശ്യവുമായി നടക്കുന്നതിനിടെ പഞ്ചായത്ത് അധിക്യതർ നിർദേശിച്ച സമയങ്ങളിൽ എത്തിയെങ്കിലും ലിസ്റ്റിൽ പേര് ചേർക്കാൻ കഴിയാത്ത മനോവിഷമത്തിലാണ് വിദ്യാർഥി. തദ്ദേശ തെരഞ്ഞെടുപ്പിൽ കന്നി വോട്ടായി സമ്മതിദാനാവകാശം വിനിയോഗിക്കാനുള്ള പൗരന്റെ അവകാശമാണ് പഞ്ചായത്ത് അധികൃതർ ഇല്ലാതാക്കുന്നതെന്ന് ആരോപണമുണ്ട്.