മെഗാ ടൂറിസം പദ്ധതിക്ക് മെഗാ താമസം!
1601119
Sunday, October 19, 2025 11:22 PM IST
കായംകുളം: ഏറെ കൊട്ടിഘോഷിച്ച കായംകുളം മെഗാടൂറിസം പദ്ധതി ഒരു പതിറ്റാണ്ടു കഴിഞ്ഞിട്ടും പാതിവഴിയിൽ. പദ്ധതി പൂര്‍ത്തിയാക്കാത്തത് കായലോര ടൂറിസം വികസനത്തെ പ്രതിസന്ധിയിലാക്കി.
കായലോരത്തു മോഷണവും സാമൂഹ്യവിരുദ്ധ ശല്യവും വ്യാപകമായതിനെത്തുടര്‍ന്നു നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചെങ്കിലും സാമൂഹ്യവിരുദ്ധ ശല്യത്തിനു പരിഹാരമായിട്ടില്ല. ആളുകള്‍ക്കു കായല്‍ സൗന്ദര്യംആസ്വദിക്കുന്നതിനായി നിര്‍മിച്ച നടപ്പാതകള്‍ കാടുകയറിയ നിലയിലാണ്.
കേന്ദ്ര ടൂറിസം വകുപ്പ് മെഗാ ടൂറിസം വികസനം ലക്ഷ്യമിട്ട് 2013 ജൂലൈ 12നാണ് പദ്ധതി ആവിഷ്കരിച്ചത്. ദേശീയ പദ്ധതിയില്‍ ആലപ്പുഴ ജില്ലയ്ക്ക് 52.25 കോടി രൂപ പദ്ധതിയുടെ ഭാഗമായി അനുവദിച്ചു. കായംകുളത്ത് മാത്രമായി പദ്ധതിക്ക് 7.83 കോടി രൂപയാണ് അനുവദിച്ചത്.
എല്ലാം നശിക്കുന്നു
വിനോദസഞ്ചാരികള്‍ക്കു ബോധവത്കരണ കേന്ദ്രം, ഭക്ഷണശാല, ലൈഫ് ഗാര്ഡിനുവേണ്ടിയുള്ള മുറി, പോലീസ് ബൂത്ത്, കായല്‍ സൗന്ദര്യം ആസ്വദിക്കാൻ ബോട്ട് വാക് വ്യൂ, കുട്ടികള്‍ക്കായി പാര്‍ക്ക്, മത്സ്യകന്യകയുടെ ശില്പം തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായി നിര്‍മിച്ചത്.
മത്സ്യകന്യക ശില്പം പെയിന്റ് മങ്ങി പായല്‍ പിടിച്ചു. കുട്ടികളുടെ പാര്‍ക്കിലെ ഉപകരണങ്ങള്‍ ആകട്ടെ അതും പ്രയോജനമില്ലാതെ കിടക്കുന്നു. സ്കൂള്‍ കോളജ് വിദ്യാര്‍ഥികളുടെയും കമിതാക്കളുടെയും ഇടമായി കായലോരം ഇപ്പോള്‍ മാറി.
അമിനിറ്റി സെന്റർ ചത്തു
കായലോര ടൂറിസം പദ്ധതി പ്രദേശത്തു ഡിടിപിസിയുടെ നിയന്ത്രണത്തിലുള്ള അമിനിറ്റി സെന്ററിന്റെ പ്രവര്‍ത്തനം നിലച്ചിട്ടു മാസങ്ങളായി. ഉടന്‍ തുറക്കുമെന്നു പറയുന്നുണ്ടെങ്കിലും പ്രദേശം ഇപ്പോൾ കാടുകയറി ക്കിടക്കുകയാണ്. അമിനിറ്റി സെന്റര്‍ സ്വകാര്യ സംരഭകര്‍ക്കു ലേലത്തില്‍ നല്‍കുകയാണ് ചെയ്തുകൊണ്ടിരുന്നത്. മുമ്പ് അമിനിറ്റി സെന്റര്‍ ലേലത്തില്‍ എടുക്കുന്നവര്‍ നഷ്ടം വരുന്നതിനാല്‍ സംരംഭകര്‍ പ്രവര്‍ത്തനം നിര്‍ത്തുകയാണ്. വിശ്രമമുറികളും റസ്റ്ററന്റും കോണ്‍ഫറന്‍സ് ഹാളും അടങ്ങുന്നതാണ് അമിനിറ്റി സെന്റര്‍. കാല്‍നൂറ്റാണ്ട് മുമ്പ് ടൂറിസം വകുപ്പ് നിര്‍മിച്ചതാണ് അമിനിറ്റി സെന്റര്‍.
കായലോര ടൂറിസം പദ്ധതി പ്രദേശം കാലത്തിനൊത്തു വളരാത്തത് അനുബന്ധ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെയും ബാധിച്ചു. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന വള്ളംകളിയാണ് ടൂറിസം കേന്ദ്രത്തിലെ പ്രധാന വിനോദ പരിപാടി. വിനോദസഞ്ചാര വകുപ്പ് ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിനു പദ്ധതി പ്രദേശം കൈമാറിയിട്ടുണ്ട്. സുരക്ഷാ ജീവനക്കാര്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉടന്‍ സജ്ജമാക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.