തദ്ദേശ ജനപ്രതിനിധികള്‍ തിരക്കിൽ; തെരഞ്ഞെടുപ്പിന് മുന്‍പ് ഉദ്ഘാടന മാമാങ്കം
1601374
Monday, October 20, 2025 11:36 PM IST
എടത്വ: തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതുക്കല്‍ എത്തിയതോടെ സീറ്റുറപ്പിക്കാനുള്ള തത്രപ്പാടില്‍ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍. വാര്‍ഡുകള്‍ തോറും ഉദ്ഘാടന മാമാങ്കം അരങ്ങുതകര്‍ക്കുമ്പോള്‍ വോട്ടര്‍മാരുടെ പ്രീതി സമ്പാദിക്കാന്‍ ജനപ്രതിനിധികള്‍ നേട്ടോട്ടത്തിലാണ്.
ജനപ്രതിനിധികള്‍ ഓടിനടന്ന് ഉദ്ഘാടനം നടത്തുകയാണ്. റോഡുകളുടെയും പാലങ്ങളുടെയും നിര്‍മാണോദ്ഘാടനം, പൈപ്പ് സ്ഥാപിക്കല്‍, കുടിവെള്ള പ്രശ്നം, വീല്‍ചെയര്‍, കട്ടില്‍വിതരണം, പാടശേഖര മോട്ടോര്‍തറ സ്ഥാപിക്കല്‍, ആംഗൻവാടി കെട്ടിടങ്ങളുടെ നിര്‍മാണം, ജലാശയ തീരത്തെ സംരക്ഷണഭിത്തി നിര്‍മിക്കല്‍, വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും മാലിന്യ ബിന്‍ വിതരണം, തരിശുഭൂമി കൃഷി യോഗ്യമാക്കല്‍, ബന്തിപ്പൂ കൃഷിയുടെ വിളവെടുപ്പ്, പട്ടികജാതി-പട്ടിക വര്‍ഗ ക്ഷേമ പ്രവര്‍ത്തനം, ലൈഫ് മിഷന് പദ്ധതിയില്‍ വീട് നിര്‍മാണം, റീബില്‍ഡ് കേരള പദ്ധതി പ്രവര്‍ത്തനം തുടങ്ങി ചെറുതും വലുതുമായ ഒട്ടേറെ വിഷയങ്ങളിലാണ് ഉദ്ഘാടനം പൊടിപൊടിക്കുന്നത്.
ജനനം മുതല്‍ മരണം വരെയുള്ള ചടങ്ങുകള്‍ക്കും ജനപ്രതിനിധികളുടെ സാനിധ്യം ഏറിവരുകയാണ്. ജനപ്രതിനിധികളുടെയും തെരഞ്ഞെടുപ്പ് ഗോദയില്‍ മത്സരത്തിന് തയാറെടുക്കുന്നവരുടെയും വീടുകളിലെ ചടങ്ങുകള്‍ക്ക് കരയടച്ച് ക്ഷണിച്ചാണ് സാന്നിധ്യം അറിയിക്കുന്നത്. പോലീസ് എടുക്കുന്ന പെറ്റി കേസുകളില്‍ ജാമ്യക്കാരായും സാന്നിധ്യം ഉറപ്പിക്കുന്നുണ്ട്.
ജനപ്രതിനിധികള്‍ക്കൊപ്പം അതത് രാഷ്ട്രീയപ്രതിനിധികളും എത്തിയതോടെ ഉദ്ഘാടനവും മറ്റ് പൊതുചടങ്ങുകളും ഗംഭീരമാക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്.
ചെറിയ പരിപാടികള്‍ക്കു പോലും സംസ്ഥാന- ജില്ലാ പ്രതിനിധികളുടെ സാന്നിധ്യം പ്രകടമാകുന്നു. പല പഞ്ചായത്തുകളും തനത് ഫണ്ടില്‍ കവിഞ്ഞുള്ള പ്രഖ്യാപനവും ഉദ്ഘാടനവുമാണ് നടത്തുന്നത്.
കഴിഞ്ഞ അഞ്ചു വര്‍ഷമായി ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ കാണാത്ത വികസന പ്രവര്‍ത്തനം അവസാന നാളുകള്‍ വരെ നീട്ടിവച്ചതിനു പിന്നില്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്ന് വോട്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. പരാതികളും പ്രതിഷേധങ്ങളും സോഷ്യല്‍ മീഡിയ വഴി ചൂണ്ടിക്കാട്ടുമ്പോഴും തദ്ദേശ ജനപ്രതിനിധികള്‍ ഉദ്ഘാടന മാമങ്കത്തിനുള്ള തിരക്കിലാണ്.