ചെങ്ങന്നൂർ നഗരസഭാ ഭരണത്തിനെതിരേ എൽഡിഎഫ് ജനകീയ കുറ്റപത്രം
1601372
Monday, October 20, 2025 11:36 PM IST
ചെങ്ങന്നൂര്‍: യുഡിഎഫ് നേതൃത്വത്തിലുള്ള ചെങ്ങന്നൂര്‍ നഗരസഭാ ഭരണസമിതിയുടെ കെടുകാര്യസ്ഥതയും അഴിമതിയും ജനദ്രോഹ നടപടികളും തുറന്നുകാട്ടി എല്‍ഡിഎഫ് നഗരസഭാ കമ്മിറ്റി ജനകീയ കുറ്റപത്രം പുറത്തിറക്കി. നിലവിലെ ഭരണസമിതി അധികാരത്തിലെത്തിയ ശേഷം നടത്തിയ ഭരണപരമായ വീഴ്ചകളും വികസന മുരടിപ്പും അഴിമതിയും കെടുകാര്യസ്ഥതയും അക്കമിട്ടു നിരത്തുന്നതാണ് കുറ്റപത്രമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രി സജി ചെറിയാന് നേതൃത്വം നല്കുന്ന ചെങ്ങന്നൂര്‍ മണ്ഡലത്തില്‍, നഗരസഭ ഒഴികെയുള്ള എല്ലാ തദ്ദേശസ്ഥാപനങ്ങളും കലവറയില്ലാത്ത പിന്തുണയാണ് നല്‍കുന്നത്. എന്നാല്‍, ചെങ്ങന്നൂര്‍ നഗരസഭാ പ്രദേശം നടപ്പിലാക്കുന്ന പദ്ധതികള്‍ക്ക് ഒന്നാകെ തടസം നില്‍ക്കാനും കാലതാമസം വരുത്തി ഇല്ലാതാക്കാനുമാണ് നഗരസഭാ ഭരണം ശ്രമിച്ചതെന്ന് എല്‍ഡിഎഫ് ആരോപിച്ചു.
പ്രധാന
ആരോപണങ്ങള്‍
റോഡുകള്‍ തകര്‍ന്നു
നഗരസഭയുടെ അധീനതയിലുള്ള മുഴുവന്‍ റോഡുകളും സഞ്ചാരയോഗ്യമല്ലാതായിട്ട് നാളുകളായി.
കുടിവെള്ള പദ്ധതിക്ക് തടസം
സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനങ്ങളെ നഗരസഭയിലെ യുഡിഎഫിന്റെയും ബിജെപിയുടെയും കൗണ്‍സിലര്‍മാര്‍ തടസപ്പെടുത്തുന്നു. പാണ്ഡവന്‍പാറ, നൂറ്റവന്‍പാറ, ചെറ്റിയാന് മോടി, പുലിക്കുന്ന്, അങ്ങാടിക്കല്‍ മല, ക്രിസ്ത്യന്‍ കോളജ് പ്രദേശത്തെ ജനങ്ങള്‍ കുടിവെള്ളത്തിന് എന്തു ചെയ്യണമെന്ന് നഗരസഭ വ്യക്തമാക്കണം.
മാലിന്യസംസ്കരണം പാളി
ജൈവമാലിന്യം സംസ്കരിക്കുന്നതിനുള്ള യാതൊരു സംവിധാനവും നഗരസഭയില്‍ ഇല്ല. പെരുങ്കുളം പാടത്ത് സ്റ്റേഡിയം നിര്‍മാണം ആരംഭിച്ചതു മുതല്‍ അവിടെ തള്ളാന്‍ കഴിയാത്ത ലോഡ് കണക്കിന് മാലിന്യങ്ങള്‍ ഇപ്പോള്‍ നഗരസഭാ ഓഫീസ് പരിസരത്തും പൊതു ഇടങ്ങളിലും റോഡരികുകളിലും ജലാശയങ്ങളുടെ പരിസരത്തും തള്ളുന്നു.
ഇത് മഴക്കാലത്ത് സാംക്രമികരോഗങ്ങള്‍ പടരാനും പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കും തെരുവുനായ്ക്കളുടെ വര്‍ധനവിനും കാരണമാകുന്നു.
ആരോഗ്യ, വിദ്യാഭ്യാസ
മേഖലയോട് അവഗണന
നഗരസഭയുടെ കീഴിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഉന്നമനത്തിനായി യാതൊരു ഇടപെടലും ഉണ്ടാകുന്നില്ല. തകര്‍ന്ന ആരോഗ്യമേഖല ആധുനിക നിലവാരത്തിലേക്കുയര്‍ത്താന്‍ മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ നടത്തുന്ന പദ്ധതികള്‍ക്ക് പരമാവധി തടസങ്ങള്‍ കൊണ്ടുവരാന്‍ നഗരസഭ ശ്രമിച്ചു.
200 കോടിയുടെ മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രി നിര്‍മാണം ആരംഭിച്ച ഘട്ടത്തില്‍ താല്ക്കാലികസംവിധാനത്തിനായി ഒഴിഞ്ഞുകിടന്ന സ്കൂള്‍ കെട്ടിടം ഉപയോഗിക്കാന്‍ പോലും നഗരസഭ തടസം നിന്നു.
ഫണ്ട് ലാപ്സാക്കി
പട്ടികവിഭാഗ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ഫണ്ടില്‍നിന്നു കോടികള്‍ ലാപ്സാക്കി. കഴിഞ്ഞ അഞ്ചുവര്‍ഷവും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച തുകയുടെ 80 ശതമാനവും ലാപ്സാക്കിയ നഗരസഭ ചെങ്ങന്നൂരില്‍ അല്ലാതെ വേറെയില്ല. വസ്തു വാങ്ങി വീട് വയ്ക്കാനുള്ള ഒരു കോടി രൂപയോളം ലാപ്സാക്കി. ശബരിമല തീര്‍ഥാടകര്‍ക്ക് സൗകര്യം ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ഫണ്ടും ലാപ്സാക്കുന്ന സ്ഥിതിവിശേഷമാണ്
വികസനമുരടിപ്പ്
പൊതുശ്മശാനം, ടൗണ്‍ ഹാള്‍, വിനോദ-വിശ്രമകേന്ദ്രം, വഴിയോര വിശ്രമ കേന്ദ്രം, വാഹന പാര്‍ക്കിംഗ് എന്നിവ ഇല്ലാത്ത സംസ്ഥാനത്തെ ഏക നഗരസഭയാണ് ചെങ്ങന്നൂരിലേത്. 100 കോടി രൂപ ചെലവഴിച്ച് അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയം നിര്‍മാണത്തിന് നഗരസഭ തടസം സൃഷ്ടിച്ചു.
ടൗണ്‍ മാസ്റ്റര്‍ പ്ലാന്‍ പ്രശ്നം
ടൗണ്‍ മാസ്റ്റര്‍ പ്ലാന്‍ 2021-41 പദ്ധതിയില്‍ നഗരസഭയിലെ കുറെയധികം വാര്‍ഡുകള്‍ ദുരന്തബാധിത പ്രദേശങ്ങളാകുന്നതിന് നഗരസഭ മറുപടി പറയണം.
ജനകീയ വിചാരണ ജാഥ നടത്തും
നഗരസഭ ഭരണത്തിനെതിരായ ജനവികാരം നഗരസഭയുടെ ശ്രദ്ധയില്‍ എത്തിക്കുന്നതിനും കുറ്റപത്രത്തിലെ വിഷയങ്ങള്‍ ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നതിനുമായി എല്‍ഡിഎഫ് നഗരസഭാ സമിതിയുടെ നേതൃത്വത്തില്‍ ജനകീയ വിചാരണ ജാഥ സംഘടിപ്പിക്കും.
നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളിലെയും ജനങ്ങളെ അണിനിരത്തിക്കൊണ്ട് ഭരണസമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും എതിരേ ശക്തമായ പ്രക്ഷോഭം തുടരുമെന്നും എല്‍ഡിഎഫ് നേതാക്കളായ എം.കെ. മനോജ്, വി.വി. അജയന്, പി.ആര്. പ്രദീപ് കുമാര്‍, അനസ് പുവാലംപറമ്പില്, ഷാജി പട്ടത്താനം, വത്സമ്മ ഏബ്രഹാം, മോഹന്‍ കൊട്ടാരത്തില്‍, ടി.സി. ഉണ്ണി കൃഷ്ണന്, പ്രണവം വിജയന്, കെ.കെ. ചന്ദ്രന്, വി.ജി. അജീഷ്, പി.കെ. അനില്‍കുമാര്‍, ജോര്‍ജുകുട്ടി എന്നിവര്‍ അറിയിച്ചു.
മറ്റ് വിഷയങ്ങള്‍
വരട്ടാറിനെ പുനരുജ്ജീവിപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളെ തടസപ്പെടുത്തുന്നു.
തെരുവുവിളക്കുകള്‍ സ്ഥാപിക്കാതെ ചെങ്ങന്നൂരിനെ സമ്പൂര്‍ണ ഇരുട്ട്നഗരമാക്കി.
പൈതൃക സ്മാരകങ്ങളെ പരിഗണിക്കുന്നില്ല.
അപകടാവസ്ഥയിലായ നഗരസഭാ കെട്ടിടത്തില്‍നിന്ന് ഓഫീസ് പ്രവര്‍ത്തനം മാറ്റുന്നില്ല.
ശാസ്താംപുറം ചന്തയില്‍ ആധുനിക മാര്‍ക്കറ്റ് കോംപ്ലക്സ് നിര്‍മാണത്തെത്തുടര്‍ന്ന് വ്യാപാരം നഷ്ടപ്പെട്ട വ്യാപാരികളെ പുനരധിവസിപ്പിച്ചില്ല.
തദ്ദേശ സ്വയംഭരണ ഓംബുഡ് സ്മാന് വിചാരണ നേരിടുന്ന യുഡിഎഫ് നഗരസഭാ അംഗങ്ങള്‍ അടിയന്തരമായി രാജിവയ്ക്കണം.