പ്രദർശിപ്പിച്ച സിനിമകൾക്കെല്ലാം തിരക്ക്: ഹൗസ്ഫുൾ
1487267
Sunday, December 15, 2024 6:30 AM IST
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രോത്സവം രണ്ടാംദിനം പിന്നുടുന്പോൾ പങ്കാളിത്തം പാരമ്യത്തിൽ. ഇന്നലെ 15 തിയറ്ററുകളിലും പ്രദർശിപ്പിച്ച ചിത്രങ്ങൾക്ക് നിറഞ്ഞ സദസായിരുന്നു. റിസർവ്ഡ്, അൺ റിസർവ്ഡ് കാറ്റഗറികളിൽ സിനിമ തുടങ്ങുന്നതിനു മുൻപ് മണിക്കൂറുകൾക്കുമുൻപുതന്നെ നീണ്ട ക്യൂവായിരുന്നു.
പല സിനിമകൾക്കും ഇരിപ്പിടം കിട്ടാതെ തറയിലിരുന്നും ഡെലിഗേറ്റുകൾ സിനിമ കണ്ടു. പ്രേക്ഷക ബാഹുല്യമുണ്ടായെങ്കിലും തിയറ്ററുകളിൽ പ്രവേശനത്തെച്ചൊല്ലി കാര്യമായ തർക്കമൊന്നുമുണ്ടായില്ല.
നിരവധി രാജ്യാന്തര മേളകളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ഐഎഫ്എഫ്കെയുടേത് പോലുള്ള പ്രേക്ഷക പങ്കാളിത്തം എവിടെയും കണ്ടിട്ടില്ലെന്നും ഇതാണു മേളയെ വ്യത്യസ്തമാക്കുന്നതെന്നും പ്രശസ്ത ഫ്രഞ്ച് ഛായാഗ്രഹകയും ജൂറി ചെയർപേഴ്സണുമായ ആഗ്നസ് ഗൊദാർദ് ഓപ്പൺ ഫോറത്തിൽ പങ്കെടുത്ത് പറഞ്ഞു.
പ്രേക്ഷകരും ചലച്ചിത്രകാരൻമാരും തമ്മിൽ ആഴത്തിലുള്ള ബന്ധമുണ്ടാക്കാൻ ഐഎഫ്എഫ്കെയിൽ നടക്കുന്ന ശ്രമങ്ങൾ പ്രശംസനീയമാണ്. ഓപ്പൺ ഫോറവും മീറ്റ് ദ ഡയറക്ടേഴ്സും അടക്കം ഇതിനായുള്ള ശ്രമങ്ങൾ ഏറെ ഇഷ്ടപ്പെട്ടെന്നും ഗൊദാർദ് പറഞ്ഞു.