കൊല്ലത്ത് സിപിഐയിൽ പൊട്ടിത്തെറി : കുണ്ടറയ്ക്കു പിന്നാലെ കടയ്ക്കലിലും കൂട്ടരാജി
1601312
Monday, October 20, 2025 6:44 AM IST
കൊല്ലം : തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയിരിക്കേ കൊല്ലത്ത് സിപി ഐയിൽ വിഭാഗീയത കനത്തു. പൊട്ടിത്തെറിയിൽ കടയ്ക്കലിലും സിപിഐ അംഗങ്ങളുടെ കൂട്ടരാജി ഉണ്ടായി. കുണ്ടറയ്ക്ക് പിറകെ കടയ്ക്കലിലും സിപി ഐയുടെ നേതാക്കളും പ്രവർത്തകരും അടക്കം രാജിവച്ചത് എൽഡിഎഫ് ജില്ലാ നേതൃത്വത്തിന് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
വിവിധ സ്ഥാനങ്ങൾ വഹിച്ചിരുന്ന 112 പേരാണ് കടയ്ക്കലിൽ പാർട്ടിവിട്ടത്. മന്ത്രി ജെ.ചിഞ്ചുറാണിയുടെ ചടയമംഗലം നിയോജക മണ്ഡലത്തിലാണ് സിപിഐ ജില്ലാ നേതൃത്വം പ്രതീക്ഷിക്കാത്ത കൂട്ടത്തോടെ രാജി ഉണ്ടായിരിക്കുന്നത്. 10 മണ്ഡലം കമ്മിറ്റി അംഗങ്ങൾ, 45 ലോക്കൽ കമ്മിറ്റി അംഗങ്ങൾ, 48 ബ്രാഞ്ച് സെക്രട്ടറിമാർ, ഒമ്പത് ബ്ലോക്ക് -ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ എന്നിവർ രാജിവച്ചവരിൽ ഉൾപ്പെടും.
ജില്ലാ നേതൃത്വത്തോടുള്ള അതൃപ്തി അറിയിച്ചു കൊണ്ടാണ് രാജി പ്രഖ്യാപനം നടന്നിരിക്കുന്നത്. 700ൽ അധികം പാർട്ടി അംഗങ്ങൾ രാജിവച്ചതായാണ് വിമത നേതാക്കൾ അവകാശപ്പെടുന്നത്. ഉൾപാർട്ടി പ്രശ്നങ്ങളാണ് തീരുമാനത്തിന് കാരണമെന്നും അവർ പറയുന്നു. എന്നാൽ അഴിമതി നടത്തിയതിന് സംഘടനാ നടപടി നേരിട്ടയാൾ അടക്കമാണ് രാജിവച്ചതെന്ന് സിപിഐ ജില്ലാ നേതൃത്വം പറയുന്നുണ്ട്.
എം എൻ സ്മാരകത്തിനായി ഫണ്ട് പിരിവു നടത്തിയതിൽ അഴിമതി നടത്തിയതായി ആരോപണ വിധേയനായ മണ്ഡലം സെക്രട്ടറിയുടെ പേരിൽ പാർട്ടി ഡിസിയും എക്സിക്യൂട്ടീവും നടപടിയെടുക്കാനിരിക്കെയാണ് കൂട്ടരാജി സംഭവം. പ്രവർത്തകർ പാർട്ടിവിട്ടെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്നാണ് സിപി ഐ ജില്ലാ നേതൃത്വം പ്രതികരിച്ചത്.
അതേസമയം, വിഭാഗീയതയെത്തുടർന്നു കുണ്ടറ മണ്ഡലം കമ്മിറ്റിയിൽ നിന്നു കൂട്ട രാജി ഉണ്ടായതിന് പിറകെയാണ് കടയ്ക്കലും രാജി ഉണ്ടായിരിക്കുന്നത്. മുൻ മണ്ഡലം സെക്രട്ടറി ഉൾപ്പെടെ മുന്നൂറോളം പേർ ആണ് കുണ്ടറയിൽ ഒരാഴ്ച മുൻപ് രാജി വെച്ചത്. മുൻ പാർട്ടി മണ്ഡലം സെക്രട്ടറി ടി.സുരേഷ്, ഇളമ്പ ള്ളൂർ മുൻ വൈസ് പ്രസിഡന്റും മണ്ഡലം അസി. സെക്രട്ടറിയുമായ ജലജ ഗോപൻ, സെക്രട്ടേറിയറ്റ് അംഗം സോണി വി.പള്ളം, സെക്രട്ടേറിയറ്റ് അംഗവും കുണ്ടറ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ എം.ഗോപാലകൃഷ്ണൻ, പേരയം എൽസി സെക്രട്ടറി ജോൺ വിൻസന്റ്, ഇളമ്പള്ളൂർ എൽസി സെക്രട്ടറി ഒ.എസ്.വരുൺ, എഐവൈഎഫ് കുണ്ടറ മണ്ഡലം സെക്രട്ടറി മുഹമ്മദ് ഷാൻ, മഹിള സംഘം ഭാരവാഹികളായ ജയ, പ്രിഷിൽഡ വിൽസൺ എന്നിവരാണ് കുണ്ടറയിൽ സി പി ഐ വിട്ട പ്രാദേശിക നേതാക്കൾ.
28 എൽസി അംഗങ്ങളും 22 ബ്രാഞ്ച് സെക്രട്ടറിമാരും രാജി വെച്ചിരുന്നെങ്കിലും ഇവരിൽ 17 ഓളം എൽ സി അംഗങ്ങളും എട്ടു ബ്രാഞ്ച് സെക്രട്ടറിമാരും പിന്നീട് പാർട്ടി ജില്ലാ നേതൃത്വവുമായി സമവായത്തിലെത്തുകയായിരുന്നു. 25 അംഗങ്ങൾ അടങ്ങുന്ന മണ്ഡലം കമ്മിറ്റിയിലെ മൂന്നു പേർക്കെതിരെ നടപടി എടുത്തതാണ് പ്രശ്നങ്ങൾക്ക് തുടക്കം.
കഴിഞ്ഞ മണ്ഡലം സമ്മേളനത്തിലാണു കുണ്ടറയിൽ സി പി ഐ യിലെ വിഭാഗീയത പുറത്ത് വരുന്നത്. സെക്രട്ടറി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉപരിനേതൃത്വത്തിന്റെ നിർദേശം ഒരു വിഭാഗം എതിർത്തതോടെ സമ്മേളനം അടികൂടി പിരിയുന്ന സാഹചര്യമാണ് ഉണ്ടായത്.
സെക്രട്ടറിയായിരുന്ന ടി.സുരേഷ് കുമാറിനെ മാറ്റി സേതുനാഥിനെ നിയമിക്കണമെന്നു ജില്ല സെക്രട്ടറി നിർദേശം നൽകിയതാണ് ചിലരെ ചൊടിപ്പിക്കുന്നത്.
മുന്പ് എട്ടു തവണ സെക്രട്ടറിയായ സേതുനാഥിനെ സെക്രട്ടറിയായി തെരഞ്ഞെടുക്കുന്നതു ഭൂരിപക്ഷ പ്രതിനിധികളും എതിർത്തു. സുരേഷ് കുമാറിനെ തന്നെ നിലനിർത്തണം എന്നായിരുന്നു ആവശ്യം.
സമ്മേളനത്തിൽ പങ്കെടുത്ത സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.ആർ.ചന്ദ്രമോഹനൻ, ജില്ലാ സെക്രട്ടറി പി.എസ്.സുപാൽ,അസി.സെക്രട്ടറിമാരായ സാം കെ.ഡാനിയൽ, എം.എസ്.താര, ജില്ലാ നേതാക്കളായ മന്മഥൻ നായർ, ആർ.എസ്.അനിൽ, ജി.ബാബു, ജഗദമ്മ എന്നിവരാണു ജില്ലാ എക്സിക്യൂട്ടീവ് തീരുമാനമായി സെക്രട്ടറി സ്ഥാനത്തേക്കു സേതുനാഥിന്റെ പേര് നിർദേശിച്ചത്.
തീരുമാനം ക്രമവിരുദ്ധമാണെന്ന് ആരോപിച്ചായിരുന്നു അംഗങ്ങൾ സമ്മേളനം ബഹിഷ്കരിച്ചത്. തുടർന്നാണ് ജില്ലാ നേതൃത്വം മൂന്നു പേർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കൂട്ടരാജി സിപിഐ സംഘടനാ സംവിധാനത്തെ ദുർബലമാക്കുമെന്ന കാര്യം ഉറപ്പാണ്.