സംസ്ഥാന സ്കൂൾ കായികമേള : ഒരേ സമയം 2,500 പേർക്ക് ഭക്ഷണം കഴിക്കാനുള്ള പന്തൽ പുത്തരിക്കണ്ടത്ത്
1601307
Monday, October 20, 2025 6:44 AM IST
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിൽ ഒരേ സമയം 2,500 പേർക്ക് ഭക്ഷണം കഴിക്കാനുള്ള വിശാലമായ പന്തലാണ് പുത്തരിക്കണ്ടം മൈതാനത്ത് ഒരുങ്ങിയിട്ടുള്ളത്. കൂടാതെ മറ്റ് അഞ്ച് അടുക്കളകളും പ്രവർത്തിക്കുന്നുണ്ട്. പുത്തരിക്കണ്ടെത്തെ പ്രധാന ഭക്ഷണശാലയോട് അനുബന്ധിച്ച് കായിക നേട്ടങ്ങളെ കുറിച്ചുള്ള സമഗ്ര എക്സിബിഷനും അതിന്റെ ഭാഗമായുള്ള ചെറിയ കായിക വിനോദങ്ങളും ഒരുക്കും.74 സ്കൂളുകളിലായി ആണ് കുട്ടികളുടെ താമസം ക്രമീകരിച്ചിട്ടുള്ളത്.
മൈതാനങ്ങളിലും താമസ സ്ഥലത്തും പോലീസിന്റെ നേതൃത്വത്തിൽ സുരക്ഷ ക്രമീകരിച്ചു. നിരോധിത ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നില്ല എന്ന് ഉറപ്പാക്കാൻ ഗ്രൗണ്ടുകളിലും താമസ സ്ഥലത്തും എക്സൈസിന്റെ പ്രത്യേക ജാഗ്രതാ നിരീക്ഷണം ഉണ്ടായിരിക്കും.
മെഡിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കായിക താരങ്ങൾക്ക് കളിസ്ഥലങ്ങളിലും താമസ സ്ഥലത്തും ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി, സ്പോർട്സ് ആയുർവേദ, ഫിസിയോ തെറാപ്പി, സ്പോർട്സ് മെഡിസിൻ എന്നിവയുടെ സൗകര്യവും ആംബുലൻസ് സർവീസും പ്രത്യേക മെഡിക്കൽ ടീം സേവനവും ഏർപ്പാടാക്കിയിട്ടുണ്ട്.
രജിസ്ട്രേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കായിക താരങ്ങളുടെ രജിസ്ട്രേഷൻ പൂർത്തിയാക്കാനുള്ള നടപടികൾ തുടരുകയാണെന്നു വിദ്യാഭ്യാസ മന്ത്രി പത്രസമ്മേളനത്തിൽ അറിയിച്ചു.