ഇറ്റലിയിയിലേക്ക് വ്യാജവീസ നൽകി തട്ടിപ്പ്: ഇടുക്കി സ്വദേശി അറസ്റ്റിൽ
1601305
Monday, October 20, 2025 6:44 AM IST
മെഡിക്കല്‍കോളജ്: ഇറ്റലിയിയിലേക്ക് കെയര്‍ടേക്കറിന്റെ വ്യാജ വീസ നല്കി പറ്റിച്ചയാളെ അറസ്റ്റു ചെയ്തു. ഇടുക്കി തങ്കമണി നെല്ലിപ്പാറ ആര്‍സി പള്ളിക്കു സമീപം കാരിക്കക്കുന്നേല്‍ വീട്ടില്‍ റോബിന് ജോസ് (35) ആണ് വ്യാജ വീസ തട്ടിപ്പിന് അറസ്റ്റിലായത്.
മെഡിക്കല്‍കോളജ് സിഐ ബി.എം.ഷാഫി, എസ്ഐ വിഷ്ണു, സിപിഒമാരായ വിനോദ്, പ്രശാന്ത്, ബല്‍റാം എന്നിവര്‍ എറണാകുളത്തുനിന്നാണ് കസ്റ്റഡിയിലെടുത്തത്. മെഡിക്കല്കോളജിനു സമീപം ഉള്ളൂരില്‍ താമസിച്ചുവരുന്ന തൃശൂര്‍ ഇടക്കുന്നി പനക്കുട്ടിച്ചിറ കാരക്കാട് വീട്ടില്‍ ബൈജു (50) വാണ് പറ്റിക്കപ്പെട്ടത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: ഒരു പരസ്യം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ബൈജു പ്രതിയുമായി ബന്ധപ്പെടുന്നത്. 2023 ജനുവരി മാസത്തിലാണ് തട്ടിപ്പ് നടന്നത്. ഇറ്റലിയിലേക്ക് പ്രത്യേക ജോബ് വീസയ്ക്കായി വിവിധ കാലയളവുകളിലായി 6,50,000 രൂപ പ്രതി തട്ടിയെടുക്കുകയായിരുന്നു.
2023 ജനുവരി മാസത്തില്‍ 50,000 രൂപയും മാര്‍ച്ച് മാസത്തില്‍ വീണ്ടും 50,000 രൂപയും നല്കിയ ബൈജു ഏപ്രില്‍ മാസത്തില്‍ താന്‍ ബാങ്കില്‍ നിന്നു പിന്‍വലിച്ച 4,50,000 രൂപ പ്രതിക്ക് നേരിട്ടു നല്കി. ഇതേവര്‍ഷം മെയ്മാസത്തില്‍ വീണ്ടമൊരു 50,000 രൂപ പ്രതിയുടെ അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തു. മെയ്മാസത്തില്‍ത്തന്നെ വീണ്ടുമൊരു 50,000 രൂപ പ്രതിയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു നല്കി.
വലിയൊരു തുക വിവിധ അക്കൗണ്ടുകളിലേക്ക് അയച്ചുകൊടുത്ത ബൈജു ഏഴുമാസത്തോളം വിസയ്ക്കായി കാത്തിരുന്നു. ഒടുവില്‍ നിരന്തരം ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഒരു വീസ ബൈജുവിന് ലഭിച്ചു. വിസയുമായി എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴാണ് അതു വ്യാജവീസയാണെന്നു തിരിച്ചറിയുന്നത്. ഇതിനെത്തുടര്‍ന്നാണ് ബൈജു പോലീസില്‍ പരാതി നല്‍കിയത്.
മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ എറണാകുളത്തെ ഒരു സ്ഥാപനത്തില്‍ നിന്നാണ് റോബിന് ജോസിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.