നിർദേശങ്ങൾക്ക് പുല്ലുവില; വഴുതക്കാട്, ശാസ്തമംഗലം ഭാഗങ്ങളിൽ ഫുട്പാത്ത് തട്ടുകടകൾ സജീവം
1601309
Monday, October 20, 2025 6:44 AM IST
പേരൂർക്കട: പൊതുജനങ്ങൾക്ക് യാത്രാ തടസം ഉണ്ടാക്കിയിരുന്ന റോഡ് വക്കിലെയും ഫുട്പാത്തിലെയും തട്ടുകടകൾക്ക് പോലീസ് ഏർപ്പെടുത്തിയ വിലക്കിന് പുല്ലുവില. രണ്ടാഴ്ച മുമ്പാണ് വഴുതക്കാട്, ശാസ്തമംഗലം ഭാഗങ്ങളിലായി പ്രവർത്തിച്ചുവരുന്ന ഇരുപതോളം തട്ടുകടകൾക്ക് പോലീസ് വിലക്ക് ഏർപ്പെടുത്തി കൊണ്ടുള്ള നോട്ടീസ് നൽകിയത്.
രണ്ടുദിവസത്തിനുള്ളിൽ തട്ടുകടകളുടെ പ്രവർത്തനം നിർത്തണമെന്നതായിരുന്നു പോലീസിന്റെ നിർദേശം. നിർദ്ദേശം നൽകിയ ദിവസവും അതിനടുത്ത ദിവസവും തട്ടുകടകൾ പ്രവർത്തിച്ചില്ല. എന്നാൽ മൂന്നാമത്തെ ദിവസം മുതൽ സജീവമായ തട്ടുകടകൾ ഇപ്പോഴും പ്രവർത്തിച്ചുവരുന്നുണ്ട്. പോലീസ് പരിശോധനയ്ക്ക് എത്തിയ ദിവസം തട്ടുകട ഉടമകളുടെ പ്രതിഷേധം ഉണ്ടായിരുന്നു.
തിരുവനന്തപുരം നഗരസഭ ഇടപെട്ടാൽ മാത്രമേ രാത്രികാല തട്ടുകടകളുടെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനോ അവസാനിപ്പിക്കുവാനോ സാധിക്കുകയുള്ളൂ എന്ന് മ്യൂസിയം പോലീസ് പറയുന്നു.
വൈകുന്നേരം അഞ്ച് മുതൽ സജീവമാകുന്ന തട്ടുകടകൾ രാത്രി 12 വരെ പ്രവർത്തിക്കാറുണ്ട്. ഇക്കാരണത്താൽ വഴുതക്കാട്, ശാസ്തമംഗലം റോഡുകളിൽ അനധികൃത വാഹന പാർക്കിംഗും ഗതാഗതക്കുരുക്കും വർധിക്കുന്നതായി പൊതുജനങ്ങൾ ആക്ഷേപം ഉന്നയിച്ചിരുന്നു.
ഇതിനിടെയാണ് മ്യൂസിയം പോലീസ് പരിശോധനയ്ക്ക് എത്തിയത്.