യാത്രക്കാരന് ദേഹാസ്വാസ്ഥ്യം: സൗദി വിമാനം തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിംഗ് നടത്തി
1601306
Monday, October 20, 2025 6:44 AM IST
വലിയതുറ: യാത്രക്കാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മദീനയിലേയ്ക്കുളള സൗദി എയര്‍ലൈന്‍സ് വിമാനം തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്‍ഡിംഗ് നടത്തി.
ഇന്നലെ വൈകുന്നേരം 6.30നാണ് സൗദി എയര്‍ലൈന്‍സ് വിമാനമായ 821 - ബി 77 ഡബ്ല്യൂ തിരുവനന്തപുരത്ത് ഇറക്കിയത്. ജക്കാര്‍ത്തയില്‍ നിന്നും മദീനയിലേയ്ക്കാണ് വിമാനം പോകേണ്ടിയിരുന്നത്.
വിമാനത്തിലെ യാത്രക്കാരനായ ഇന്ത്യോനേഷ്യന്‍ സ്വദേശിയായ 29 കാരൻ ബോധരഹിതനായതിനെത്തുടര്ന്നാണ് വിമാനം നടപടിക്രമങ്ങള്‍ക്ക് ശേഷം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയത്. തുടര്‍ന്ന് യുവാവിനെ ആംബുലന്‍സില്‍ അനന്തപുരി ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.