വയലാർ ഗാനസാഗരവും സ്നേഹസാഗരവും: പി.എസ്.ശ്രീധരൻ പിള്ള
1601313
Monday, October 20, 2025 6:44 AM IST
തിരുവനന്തപുരം: വയലാർ എന്നും വിസ്മയമാണെന്നും അദ്ദേഹം ഒരുപോലെ ഗാനസാഗരവും സ്നേഹ സാഗരവുമായിരുന്നെന്നും മുൻ ഗോവ ഗവർണർ അഡ്വ.പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞു.
വയലാർ രാമവർമ്മയുടെ 50-ാം ചരമവാർഷികത്തോടനുബന്ധിച്ച് വയലാർ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പുത്തരിക്കണ്ടം ഇ.കെ.നായനാർ പാർക്കിൽ നടക്കുന്ന ദശദിന വയലാർ സാംസ്ക്കാരികോത്സവത്തിന്റെ രണ്ടാം ദിനത്തിലെ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രശസ്ത ചലച്ചിത്ര പിന്നണിഗായകൻ ജി.വേണുഗോപാൽ മുഖ്യാതിഥിയായിരുന്നു. വയലാർ സുവർണ സ്മൃതി കവിത പുരസ്കാരം നേടിയ കവി സുമേഷ് കൃഷ്ണനും വയലാർ ചെറുകഥാ സാഹിത്യ പുരസ്കാരം നേടിയ തലയൽ മനോഹരൻ നായരും പി.എസ്.ശ്രീധരൻ പിള്ളയിൽ നിന്നും പുരസ്ക്കാരങ്ങൾ ഏറ്റുവാങ്ങി. തലയൽ മനോഹരൻ നായർ രചിച്ച ‘മുല്ലവള്ളിയും മാൻകിടവും’ നാടക പുസ്തകം പി.എസ്. ശ്രീധരൻപിള്ള ഡോ.എം.ആർ തമ്പാന് നൽകി പ്രകാശനം നിർവഹിച്ചു.
ചലച്ചിത്ര ക്യാമറമാൻ പുഷ്പൻ വേണുഗോപാൽ,സംവിധായകൻ ബാലുകിരിയത്ത്,സംവിധായകൻ രാധാകൃഷ്ണൻ മംഗലത്ത്, അപ്പുവിന്റെ ഒഴിവു കാലം എന്ന മികച്ച ടെലിഫിലിമിന് ജയശ്രീ ഗോപാലകൃഷ്ണൻ എന്നിവരെ ചടങ്ങിൽ പി.എസ്.ശ്രീധരൻപിള്ള ആദരിച്ചു. ചടങ്ങിൽ വയലാർ സ്മൃതി വർഷ ആഘോഷ കമ്മിറ്റി ചെയർമാൻ മുക്കംപാലമൂട് രാധാകൃഷ്ണൻ അധ്യക്ഷനായി. പ്രമുഖ സാഹിത്യകാരൻ ഡോ.എം.ആർ.തമ്പാൻ,
അഡ്വ.ജെ.ആർ.പത്മകുമാർ,സിഎംപി ജില്ലാ പ്രസിഡന്റ് മനോജ്,സാഹിത്യകാരൻ സബീർ തിരുമല,വയലാർ രാമവർമ്മ സാംസ്കാരിക വേദി സെക്രട്ടറി മണക്കാട് രാമചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ജനറൽ കൺവീനർ ജി.വിജയകുമാർ സ്വാഗതം പറഞ്ഞു.