വലിയവിള ബിഎം എല്‍പി സ്കൂളില്‍ പച്ചക്കറി വിളവെടുപ്പ്
1600762
Saturday, October 18, 2025 6:08 AM IST
നെയ്യാറ്റിന്‍കര : സ്കൂളിലെ പച്ചക്കറി കൃഷി വിളവെടുപ്പ് ആഘോഷമാക്കി വിദ്യാര്‍ഥികള്‍. പുതുതലമുറയുടെ കാര്‍ഷിക താത്പര്യം പ്രോത്സാഹിപ്പിക്കാനുറച്ച് അധ്യാപകരും രക്ഷിതാക്കളും. വലിയവിള ബിഎം എല്‍പി സ്കൂളില്‍ കുളത്തൂര്‍ കൃഷി ഭവന്റെ സഹകരണത്തോടെയാണ് വിവിധയിനം പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചത്.
സ്കൂളില്‍ വിദ്യാര്‍ഥികളുടെ കൃഷിക്കൂട്ടം ക്ലബ് സജീവമാണ്. പച്ചക്കറി വിത്തുകളും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും നല്‍കിയത് കുളത്തൂര്‍ കൃഷി ഭവനാണ്. വഴുതനങ്ങ, കത്തിരിക്ക എന്നീ പച്ചക്കറികളുടെ വിളവെടുപ്പ് ഉദ്ഘാടനം പിടിഎ പ്രസിഡന്റ് സിജു നിർവഹിച്ചു.
വിദ്യാര്‍ഥികള്‍ ചെറുപ്രായത്തിലേ കാര്ഷികാഭിമുഖ്യമുള്ളവരാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്കൂള്‍ ഹെഡ്മിസ്ട്രസ് കൊച്ചുറാണി, അധ്യാപകര്‍, രക്ഷിതാക്കള്‍, കൃഷി ഭവന് പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.