മദ്യലഹരിയില്‍ സിഐ ഓടിച്ച കാര്‍ വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചു
1600404
Friday, October 17, 2025 6:29 AM IST
പേരൂര്‍ക്കട: മദ്യലഹരിയില്‍ സിഐ ഓടിച്ച കാര്‍ രണ്ടു വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ചു. കന്റോൺമെന്റ് പോലീസ് കസ്റ്റഡിയിലെടുത്ത സിഐയെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ബുധനാഴ്ച ഉച്ചതിരിഞ്ഞ് രണ്ടോടുകൂടിയാണ് സംഭവം. വിളപ്പില്‍ശാല സിഐ വി. നിജാമാണ് മദ്യപിച്ചു കാര്‍ ഓടിച്ച് അപകടങ്ങളുണ്ടാക്കിയത്. മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുമായി സെക്രട്ടേറിയറ്റു ഭാഗത്തേക്കു വന്ന വാഹനത്തെ നിയമസഭാ മന്ദിരത്തിനു സമീപത്തുവച്ചാണ് കാര്‍ ആദ്യം ഇടിച്ചത്. ഇതു പണം നല്കി ഒത്തുതീര്‍പ്പാക്കിവിട്ടു.
അതിനുശേഷം പുളിമൂട് ഭാഗത്തുവച്ച് മറ്റൊരു വാഹനത്തെ കാര്‍ ഇടിച്ചുതെറിപ്പിച്ചു. അതിനുശേഷം നിര്‍ത്താതെ പോയ കാര്‍ എകെജി സെന്ററിനു സമീപമെത്തിയപ്പോള്‍ നടുറോഡില്‍ നിര്‍ത്തി സിഐ വാഹനത്തില്‍നിന്ന് ഇറങ്ങിനിന്നു.
ഇതേ തുടർന്നു ഗതാഗതക്കുരുക്ക് ഉണ്ടായതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ കണ്ട്രോള് റൂമില്‍ വിവരമറിയിക്കുകയും കന്റോണ്‍മെന്റ് പോലീസ് സ്ഥലത്തെത്തി സി.ഐയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടു പോകുകയുമായിരുന്നു. രണ്ടുദിവസമായി മെഡിക്കല്‍ ലീവിലായിരുന്ന സിഐ മദ്യലഹരിയില്‍ കാര്‍ ഓടിച്ചതിനെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം തുടങ്ങി.