ചെറിയ കൊല്ല ജംഗ്ഷനിലെ വെള്ളക്കെട്ടിനു പരിഹാരമില്ല
1600410
Friday, October 17, 2025 6:37 AM IST
വെള്ളറട: മലയോര ഹൈവേയിലെ ചെറിയ കൊല്ല ജംഗ്ഷനിലെ വെള്ളക്കെട്ടിനു പരിഹാരമില്ല. ചാറ്റല്‍ മഴ പെയ്താല്‍ പോലും വെള്ളറട-പാറശാല റോഡില്‍ ചെറിയ കൊല്ല ജംഗ്ഷന് വലിയ കുളമാകും.
ഹൈവേ നിർമാണം തുടങ്ങിയതു മുതല്‍ ഇതാണ് അവസ്ഥ. കഴിഞ്ഞ ദിവസത്തെ മഴയിലും പ്രദേശത്തെ റോഡുള്‍പ്പെടെ പലയിടത്തും വെള്ളക്കെട്ടുണ്ടായി. മഴയില്‍ ചെറിയ കൊല്ല ജംഗ്ഷനില്‍ വാഹനങ്ങള്‍ക്ക് കടന്നു പോകാനാകാത്ത വിധത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ടുന്നു. മലയോര ഹൈവേ നിർമാണം പൂര്‍ത്തിയായ ഭാഗമാണിവിടം. ഹൈവേയിലെ ഓട നിർമാണം അശാസ്ത്രീയമാണെന്ന് നേരത്തെ പരാതിയുയര്‍ന്നിരുന്നു. ചെറിയകൊല്ല ജംഗ്ഷനിലെ വെള്ളക്കെട്ടില്‍ യാത്രക്കാര്‍ക്ക് അപകട സാധ്യതയാണുള്ളത്.
വീടുകളില്‍ വെള്ളം കയറുകയും കിണറുകളില്‍ മാലിന്യം നിറയുകയും ചെയ്യുന്നു. ഇതിന് അടിയന്തരമായി പരിഹാരം കാണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വെള്ളക്കെട്ടും നാശനഷ്ടങ്ങളും ഒഴിവാക്കാന്‍ പിഡബ്ല്യുഡി അടിയന്തരമായി ശാസ്ത്രീയമായി ഓട നിർമിക്കുകയും മഴവെള്ളം കെട്ടിനില്‍ക്കാത്ത രീതിയിലുള്ള റോഡ് നിർമാണം സാധ്യമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
മലയോര ഹൈവേയിലെ ഒന്നാം റീച്ചിലെ ചെറിയ കൊല്ല ജംഗ്ഷനിലെ വെള്ളക്കെട്ടിനു പരിഹാരം തേടി രണ്ടുവര്‍ഷം മുന്‍പ് ബിജെപി നടത്തിയ സമരത്തെ തുടർന്നു നിർമാണ ചുമതലയുള്ള കമ്പനിയുടെ ആള്‍ക്കാരെത്തി വെള്ളക്കെട്ടിനു സമീപത്തെ ഓട പൊളിച്ച് വെള്ളം ഒഴുക്കിവിടാനുള്ള നടപടി തുടങ്ങിയിരുന്നു. തുടര്‍ന്ന് ഇവിടെ ഓട നിർമിച്ചു.
വെള്ളക്കെട്ട് പൂര്‍ണമായി ഒഴിവാക്കാനായിട്ടില്ലെങ്കിലും ചെറിയ കൊല്ല ശിവക്ഷേത്ര റോഡിനു സമീപത്തുകൂടി പുതിയ ഓട നിർമിച്ചു വെള്ളം വയലിനു സമാന്തരമായി ഒഴുകുന്ന ഓടയിലേക്ക് വിട്ടു. പാറശാല വെള്ളറട റോഡില്‍ മാസങ്ങളായി തുടരുന്ന വെള്ളക്കെട്ട് അവസാനിപ്പിക്കാന്‍ അധികൃതര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ബിജെപി പ്രതിഷേധ സമരം നടത്തിയിരുന്നു.