ഗവ. ഐടിഇ കാന്പസില് ചീരകൃഷി
1600202
Thursday, October 16, 2025 6:40 AM IST
നെയ്യാറ്റിൻകര: ജമന്തി പൂക്കള്‍ വിരിഞ്ഞ മണ്ണില്‍ ഇനി ചീര കൃഷി. പരിപാലന ദൗത്യം ഏറ്റെടുത്ത് അധ്യാപക വിദ്യാര്‍ഥികള്‍. നെയ്യാറ്റിന്‍കര നഗരസഭയുടെയും കൃഷിഭവന്റെയും ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എഡ്യൂക്കേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ഊരൂട്ടുകാലയിലെ കാന്പസില് നേരത്തെ ജമന്തി പുഷ്പകൃഷി ചെയ്തിരുന്നു. "ഓണത്തിന് ഒരു വട്ടി പൂവ്' പദ്ധതിയുടെ വിജയത്തെത്തുടര്‍ന്നാണ് പുതിയ പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. "ചുവപ്പിൽ തളിർക്കുന്ന ആരോഗ്യം' എന്ന പദ്ധതിയുടെ ഭാഗമായി കാന്പസില് ചീരകൃഷി ആരംഭിച്ചു.
നഗരസഭ ചെയർമാന് പി.കെ. രാജമോഹനൻ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. ഷിബു, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന് ഡോ. എം.എ. സാദത്ത്, ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പല്‍ ഡി.എസ്. ഷീലുകുമാർ, അഡ്വ. സജിൻ ലാൽ, പ്രസന്നകുമാര്‍, ടി. സജി , അനശ്വര രാജശേഖരൻ, എസ്. രതീഷ് കുമാർ എന്നിവര്‍ പങ്കെടുത്തു.