അരുവിക്കര മൈലത്ത് പ്ലമ്പിംഗ് തൊഴിലാളിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു
1599605
Tuesday, October 14, 2025 6:36 AM IST
നെടുമങ്ങാട്: അരുവിക്കര മൈലം ജി.വി. രാജ സ്കൂളിനു സമീപം പ്ലമ്പിംഗ് തൊഴിലാളിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. രണ്ടാഴ്ച മുൻപ് നഗരത്തിലെ ഒരു ഫ്ലാറ്റിൽ ജോലി ചെയ്യുന്നതിനിടെ ഇയാളുടെ ദേഹത്ത് മലിനജലം വീണതായി പറയപ്പെടുന്നു.
കാലിനു വേദനയും ക്ഷീണവും അനുഭവപ്പെട്ട ഇയാൾ കഴിഞ്ഞ 29ന് പേരൂർക്കട ആശുപത്രിയിൽ ചികിത്സ തേടി. പനി ഭേദമാകാത്തതിനെ തുടർന്ന് പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതോടെ മൈലത്ത് ആരോഗ്യ വകുപ്പ് അധികൃതർ പരിശോധന നടത്തി.
രോഗം ബാധിച്ച ആളിന്റെ വീട്ടിൽ നിന്നും സമീപ പ്രദേശങ്ങളിൽനിന്നും വെള്ളം ശേഖരിച്ച് പബ്ലിക് ഹൈൽത്ത് ലാബിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനാഫലം വന്ന ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.