മകനെ തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ച പിതാവ് കീഴടങ്ങി
1599400
Monday, October 13, 2025 6:50 AM IST
മെഡിക്കല്‍കോളജ്: മകനെ തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ച ശേഷം ഒളിവില്‍പ്പോയ പിതാവ് സ്റ്റേഷനില്‍ കീഴടങ്ങി. ഇയാളുടെ അറസ്റ്റ് വഞ്ചിയൂര്‍ പോലീസ് രേഖപ്പെടുത്തി. വഞ്ചിയൂര്‍ തോപ്പില്‍ ലെയിന്‍ ശ്രീവിഹാറില്‍ വിദ്യാനന്ദന്‍ (54) ആണ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. വിദ്യാനന്ദന്‍ തന്റെ മകന് ഹൃദികിനെ (28)യാണ് കമ്പിപ്പാരയെടുത്ത് തലയ്ക്കടിച്ചത്.
ഒക്ടോബര്‍ ഒമ്പതിനായിരുന്നു സംഭവം. ആഡംബര ബൈക്ക് വാങ്ങിനല്കാത്തതിലുള്ള വിരോധംമൂലം മാതാപിതാക്കളെ നിരന്തരം ഉപദ്രവിച്ചുവന്നതാണ് ആക്രമണത്തിനു കാരണമായത്.
ഗുരുതരാവസ്ഥയിലായ ഹൃദികിനെ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. ഇയാള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. വിദ്യാനന്ദന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഇയാളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.