ശുചീകരണവും സംരക്ഷണവുമില്ല; മാലിന്യപൂരിതമായി കണ്ണമ്മൂല തോട്
1599139
Sunday, October 12, 2025 6:39 AM IST
മെഡിക്കല്‍കോളജ്: ശുചീകരണവും സംരക്ഷണവും ഇല്ലാതെ വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ മാലിന്യപൂരിതമായി കണ്ണമ്മൂല തോട്. കണ്ണമ്മൂല വാര്‍ഡില്‍ക്കൂടി കടന്നുപോകുന്ന പ്രസ്തുത തോട് ഞാണ്ടൂര്‍ക്കോണം ഭാഗത്തുകൂടി കടന്നു കണ്ണമ്മൂല പാലം പിന്നിട്ടു വേളി കായലിലേക്ക് ചെന്നു ചേരുന്നതാണ്. വര്‍ഷങ്ങളായി അനസ്യൂതം ഒഴുകിക്കൊണ്ടിരിക്കുന്ന തോട്ടില്‍ മാലിന്യങ്ങള്‍ ദിനംപ്രതി അടിഞ്ഞുകൂടിക്കൊണ്ടിരിക്കുന്നു.
ഏകദേശം അഞ്ചു മീറ്റര്‍ വീതിയില്‍ ജലത്തെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തോട്ടിലേക്കു സമീവാസികളായ ചിലരാണ് മാലിന്യം വലിച്ചെറിയുന്നത്. കിലോമീറ്ററുകള്‍ അകലെനിന്നു മാലിന്യവും വഹിച്ചെത്തുന്ന തോട്ടില്‍ ജലം കുറയുന്ന സാഹചര്യത്തിലാണു മാലിന്യം കരയിലേക്ക് അടിയുന്നത്. കരയില്‍ പ്ലാസ്റ്റിക് മാലിന്യവും ആഹാരാവശിഷ്ടങ്ങളും കാണാനാകും. മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നതും ഇവിടെ കാണാറുണ്ട്. തോടിനു സമാന്തരമായി രണ്ടുചെറിയ റോഡുകള്‍ കടന്നുപോകുന്നുണ്ട്. ഈ ഭാഗത്തുകൂടി വാഹനങ്ങളും സഞ്ചരിക്കുന്നു.
കണ്ണമ്മൂല തോട്ടില്‍ മാലിന്യനിക്ഷേപം ഒഴിവാക്കുന്നതിനുവേണ്ടി സ്ഥാപിച്ച സംരക്ഷണവേലികള്ക്ക് ഉയരം കുറവായതിനാല്‍ യഥേഷ്ടം മാലിന്യങ്ങള്‍ വലിച്ചെറിയുന്നുണ്ട്. കടകംപള്ളി ഹെല്‍ത്ത് സോണിന്റെ പരിധിയിലാണ് കണ്ണമ്മൂല തോട് വരുന്നത്.
ഹെല്‍ത്ത് അധികൃതര്‍ വേണ്ടുന്ന നടപടികള്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ തോട്ടിലേക്കുള്ള മാലിന്യനിക്ഷേപം ഒരുപരിധിവരെ കുറയ്ക്കാന്‍ സാധിക്കുമായിരുന്നു. ഇതു സംബന്ധിച്ച് തിരക്കുന്നതിന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെയുള്ളവരെ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും അവരില്‍നിന്നു മറുപടി ലഭിച്ചിട്ടില്ല.