കാട്ടാക്കടയിൽ കവർച്ച: 15 പവനോളം സ്വർണവും പണവും നഷ്ടപ്പെട്ടു
1599396
Monday, October 13, 2025 6:50 AM IST
കാട്ടാക്കട: കാട്ടാക്കട പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടിടങ്ങളിൽ ആളില്ലാത്ത വീട്ടിൽ മോഷണം. ഇക്കഴിഞ്ഞ ഏഴാം തീയതിക്കും 11-ാം തീയതിക്കും ഇടയിലാണ് മോഷണം നടന്നിരിക്കുന്നത്.
പൂവച്ചൽ കൊണ്ണിയൂർ നസറുദീന്റെ മദീനാ മൻസിൽ മുൻ വാതിൽ കുത്തിപ്പൊളിച്ച് അകത്തു കടന്ന മോഷ്ടാവ് കിടപ്പുമുറിയിലെ അലമാരകൾ വെട്ടിപ്പൊളിച്ചാണ് മോഷണം നടത്തിയത്. ഇവിടെ നിന്നും രണ്ടര പവന്റെ രണ്ടു ബംഗാളി മോഡൽ സ്വർണവള, ഒന്നര പവന്റെ ഒരു കമ്പിവള, ഒന്നര പവൻ ഒരു സച്ചിൻ മോഡൽ ബ്രേസ്ലെറ്റ്, ഒരു പവന്റെ ഒരു ജോഡി സ്വർണ തൂക്കു കമ്മൽ എന്നിവ ഉൾപ്പെടെ എട്ടു ലക്ഷത്തോളം രൂപയുടെ ഒന്പതു പവൻ സ്വർണമാണ് മോഷ്ടാവ് കൊണ്ടുപോയത്.
നസറുദ്ദീനും കുടുംബവും മകളുടെ ചികിത്സാർഥം ആശുപത്രിയിലായിരുന്നു. ഏഴാം തീയതി മുതൽ 11 വരെ ഇവിടെ ആളില്ലായിരുന്നു ഈ സമയമാണ് ഇവിടെ മോഷണം നടന്നിരിക്കുന്നത്.
ഇതോടൊപ്പം പൂവച്ചൽ വഴുതനമുകൾ സുവിൻ സുകുമാരന്റെ സുരഭി എന്ന വീട്ടിൽ നിന്നും സ്വർണവളകളും, കമ്മലുകളും, 10 കുഞ്ഞുമോതിരങ്ങളും, ഒരു ബ്രേസ്ലെറ്റും, നാണയവും നോട്ടുമായി പതിനായിരത്തോളം രൂപയും മോഷ്ടാവ് കൊണ്ടുപോയി.
ഇവിടെ 5,10,000 രൂപയുടെ നഷ്ടമാണ് ഉണ്ടായത്. കൂടാതെ വീടിന്റെ വാതിലുകൾക്കും നാശം സംഭവിച്ചു. വീടിന്റെ മുൻ വാതിൽ കുത്തിപ്പൊളിച്ച് അകത്തു കടന്ന മോഷ്ടാവ് വീടിനുള്ളിൽ ഉണ്ടായിരുന്ന മേശകളും അലമാ രകളും തുറന്നു വാരിവലിച്ചിട്ട നിലയിലായിരുന്നു. സുവിൻ കുടുംബവുമായി ഭാര്യവീട്ടിൽ പോയി വന്നപ്പോഴാണു മോഷണം അറിയുന്നത്. കാട്ടാക്കട പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. മോഷണം നടന്ന സ്ഥലങ്ങളിൽ ഫോറൻസിക് സംഘം പരിശോധന നടത്തി.