ഊബര്‍ ടാക്സി ഡ്രൈവറെ ആക്രമിച്ച് പണവും ഫോണും കവര്‍ന്നു
1599131
Sunday, October 12, 2025 6:39 AM IST
ആറംഗ സംഘത്തെ അറസ്റ്റുചെയ്തു
പേരൂര്‍ക്കട: ഊബര്‍ ടാക്സി വിളിച്ചെത്തിയ സംഘം യുവാവിന്റെ കഴുത്തില്‍ പ്ലാസ്റ്റിക് വയര്‍ മുറുക്കി ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണും കവര്‍ന്നു. സംഭവവുമായി ബന്ധപ്പെട്ട് ആറംഗസംഘത്തെ മണ്ണന്തല പോലീസ് പിടികൂടി.
നാലാഞ്ചിറ അക്ഷയ ഗാര്‍ഡന്‍സ് അമരത്തില്‍ വീട്ടില്‍ കാപ്പിരി ജിതിന് എന്നുവിളിക്കുന്ന ജിതിന് (35), ഉള്ളൂര്‍ ജനശക്തി നഗര്‍ ജെഎന്‍ആര്‍എ 83 പണയില്‍ വീട്ടില്‍ വിഷ്ണു (31), ഇടവക്കോട് വല്ലുണ്ണി സജി ഭവനില്‍ ജിത്ത് (28), മണ്ണന്തല ചെഞ്ചേരി ലക്ഷംവീട്ടില്‍ ജിഷ്ണു (24), കല്ലിയൂര്‍ കുളക്കോട്ടുകോണം കുന്നുംപുറത്ത് വീട്ടില്‍ യദു (18), ശ്രീകാര്യം ചെറുവയ്ക്കല്‍ ഇളംകുളംവിള ചാമവിള വീട്ടില്‍ സൂരജ് (18) എന്നിവരാണ് പിടിയിലായത്.
കുരിശടി ജംഗ്ഷനു സമീപം എഴുകന്യാ റോഡില്‍ എഴുകന്യാ ക്ഷേത്രത്തിന്റെ ആര്‍ച്ചിനു സമീപം ഇടവഴിയില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. പാറോട്ടുകോണത്തുനിന്നു യൂബര്‍ ടാക്സി വിളിച്ചെത്തിയ ആറംഗസംഘമാണു കവര്‍ച്ച നടത്തിയത്. സംഘം ആള്‍ട്ടോ കാറില്‍ കയറിയശേഷം നാലാഞ്ചിറയിലേക്കു പോകാന്‍ ആവശ്യപ്പെട്ടു.
ഇതിനിടെ പാറോട്ടുകോണത്തുനിന്ന് കഷ്ടിച്ച് ഒരുകിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ ടാക്സി ഡ്രൈവറും കരകുളം സ്വദേശിയുമായ അരുണിനെ (42) കഴുത്തില്‍ വയര്‍ ഉപയോഗിച്ച് കുരുക്കിയശേഷം പണം കവരാന്‍ ശ്രമിച്ചു. ഇതിനിടെ അരുണ്‍ കാറില്‍നിന്ന് ഇറങ്ങിയോടി. പ്രതികള്‍ ചേര്‍ന്ന് ഇയാളെ ബലമായി പിടിച്ചു കാറിനുള്ളില്‍ ഇട്ടശേഷം ഇവരില്‍ ഒരാള്‍ കാര്‍ ഓടിച്ച് കുരിശടി ജംഗ്ഷനിലേക്കു പോകുകയായിരുന്നു.
അവിടെനിന്നാണ് എഴുകന്യാ റോഡിലേക്കു തിരിഞ്ഞത്. ആളനക്കമില്ലാത്ത സ്ഥലത്ത് എത്തിയതോടെ പ്രതികള്‍ ചേര്‍ന്ന് അരുണിനെ മര്‍ദിച്ചശേഷം 6,200 രൂപയും മൊബൈല്‍ ഫോണും കവരുകയായിരുന്നു.
തിരികെപ്പോകാനുള്ള ശ്രമത്തിനിടെ കാര്‍ ഇടറോഡിലെ ഓടയില്‍ വീണു. പരിഭ്രാന്തരായ പ്രതികള്‍ കാര്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ നാട്ടുകാരാണ് കാര്‍ ഓടയില്‍ വീണുകിടക്കുന്നതും അതിനുള്ളില്‍ ഡ്രൈവര്‍ ഉണ്ടെന്നും അറിയുന്നത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ചു.
കന്റോൺമെന്റ് എസി സ്റ്റ്യുവര്‍ട്ട് കീലറിന്റെ നിര്‍ദേശപ്രകാരം മണ്ണന്തല സിഐ കണ്ണന്, എസ്.ഐ ആര്.എസ്. വിപിന്‍, സിപിഒമാരായ പ്രദീപ്, അനീഷ്, അഭിലാഷ്, ഷജീര്‍, മുജീബ്, വിനോദ്, പാര്ഥന്, രാജേഷ് എന്നിവര്‍ ചേര്‍ന്ന് പരുത്തിപ്പാറ, പാറോട്ടുകോണം തിലക് നഗര്‍ എന്നിവിടങ്ങളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.
ഇതില്‍ കാപ്പിരി ജിതിന് നിരവധി ക്രിമിനല്‍ക്കേസുകളിലെ പ്രതിയാണ്. ഇയാളുടെ സുഹൃത്തുക്കളാണ് ഒപ്പം പിടിയിലായത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.