വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം : രണ്ടാംഘട്ട നിർമാണ കാര്യത്തിൽ തീരുമാനമായി
1599401
Monday, October 13, 2025 6:50 AM IST
വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാം ഘട്ട നിർമാണ കാര്യത്തിൽ തീരുമാനമായി. അടുത്ത മാസം അഞ്ചിനു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കുന്നതോടെ കേരളത്തിന്റെ സ്വപ്ന പദ്ധതിയുടെ അവസാനഘട്ടം വരെയുള്ള കാര്യത്തിനു തുടക്കമാകും.
കടലിലെ നിർമാണ പ്രവർത്തനത്തിനു ശക്തി പകരാനായി ബാർജുകളായ എം.വി.മർജാൻ, എം.ടി. നൗട്ടി - 2എന്നിവ ഇന്നലെ വിഴിഞ്ഞത്തെ മാരിടൈം ബോർഡിന്റെ തുറമുഖത്ത് തങ്കുരമിട്ടു. മഹാരാഷ്ട്രയിലെ വേലാപ്പൂരിൽനിന്ന് സാങ്കേതിക വിദഗ്ദരായ ആറു തൊഴിലാളികളുമായാണ് വരവ്. ഇതോടൊപ്പം വിഴിഞ്ഞത്ത് അറ്റകുറ്റപ്പണിക്കായി നങ്കൂരമിട്ടിരിക്കുന്ന ബാർബി -9 ന്റെ പണികൾ പൂർത്തിയാക്കി രണ്ടാഴ്ചക്കുള്ളിൽ പ്രവർത്തന സജ്ജമാകും.
2028 ഡിസംബറിൽ രണ്ടും മൂന്നും ഘട്ടങ്ങൾ പൂർത്തിയാക്കാനുദ്ദേശിക്കുന്ന പദ്ധതിയുടെ വികസനങ്ങൾക്കായി പ്രതീക്ഷിക്കുന്ന 10,000 മുതൽ 15,000 കോടി രൂപ വരെയുള്ള ചിലവ് അദാനി പോർട്ട് വഹിക്കും. പിപിപി മോഡലിൽ സംസ്ഥാനത്തെ ഏറ്റവും വലിയ നിക്ഷേപമായിരിക്കുമെന്നു സർക്കാർ കരുതുന്നു.
1200 മീറ്റർ ബർത്ത്, ഒരു കിലോമീറ്റർ പുലിമുട്ട്, കണ്ടെയ്നർ യാർഡ്, മറ്റടിസ്ഥാന സൗകര്യങ്ങളുടെ വികസനം, കടൽ നികത്തി 77.17 സെക്ടർ ഭൂമിയുണ്ടാക്കൽ എന്നിങ്ങനെയുള്ള കാര്യങ്ങൾ കൂടി പൂർത്തിയാകുന്നതോടെ വിഴിഞ്ഞം തുറമുഖം വികസനത്തിന്റെ പാതയിലാകും. ഇതോടെ വർഷം 40 ലക്ഷം കണ്ടെയ്നർ കൈകാര്യം ചെയ്യാമെന്ന വിശ്വാസത്തിലാണ് അധികൃതർ. 2024 ജൂലൈ 11ന് പ്രവർത്തനം ആരംഭിച്ച തുറമുഖത്ത് 525 ചരക്ക് കപ്പലുകൾ എത്തി ദൗത്യം പൂർത്തിയാക്കി മടങ്ങി.
ചുരുങ്ങിയ കാലയളവിനുള്ളിൽ 11.5 ലക്ഷം കണ്ടെയ്നർ കൈകാര്യം ചെയ്ത വിഴിഞ്ഞം തുറമുഖം ഇന്ത്യയിലെ പ്രമുഖ പോർട്ടുകളെയും പിന്തള്ളി മുന്നേറ്റം തുടരുകയാണ്. രണ്ടാംഘട്ട നിർമാണ ഉദ്ഘാടനം കഴിയുന്നതോടെ പുലിമുട്ടിനു തുടക്കമാറും. ഒരുകിലോമീറ്റർ കൂടി ദൂരത്ത് കടൽ ഭിത്തി നിർമിക്കുന്നതിന് ഏകദേശം 50 ലക്ഷത്തോളം ടൺ കരിങ്കല്ലു വേണ്ടി വരുമെന്നാണ് വിലയിരുത്തൽ. ടൺ കണക്കിന് കല്ല് തുറമുഖത്ത് ശേഖരിച്ച് കഴിഞ്ഞു.