ശബരിമല: പ്രമുഖരുടെ മൗനം പ്രവാസികളെ വേദനിപ്പിക്കുന്നെന്ന് മുരളീധരപണിക്കര്‍
1599397
Monday, October 13, 2025 6:50 AM IST
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് സാമുദായിക നേതാക്കളുടെയും സാംസ്കാരിക നായകരുടെയും മൗനം പ്രവാസി മലയാളി വിശ്വാസികളെ വേദനിപ്പിക്കുന്നതായി പ്രവാസി വ്യവസായി എന്‍. മുരളീധരപണിക്കര്‍. ലോകമെമ്പാടുമുള്ള അയ്യപ്പ വിശ്വാസികളെ ഞെട്ടിപ്പിക്കുന്ന തരത്തിലാണ് ദിവസം ചെല്ലുന്തോറും ശബരിമലയിലെ സ്വര്‍ണ അപഹരണത്തെക്കുറിച്ച് കൂടുതല്‍ വാര്‍ത്തകള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്.
മലയാളികളെ സംബന്ധിച്ചിടത്തോളം വിശ്വാസത്തിനപ്പുറം വളരെയേറെ പ്രാധാന്യമുള്ളതും ലോകശ്രദ്ധ നേടിയതുമായ ഒരു തീര്‍ഥാടന കേന്ദ്രമാണ് ശബരിമല. പ്രവാസികളുടെ മനസില്‍ കേരളത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം ഓര്‍മയിലെത്തുന്ന ആധ്യാത്മിക കേന്ദ്രങ്ങളില്‍ ഒന്നുകൂടിയാണ് ശബരിമല.
അവിടെ ഇത്തരത്തിലൊരു ഭീകരമായ സ്വര്‍ണ അപഹരണം നടക്കുമ്പോള്‍ അതില്‍ പ്രതിഷേധിക്കാനോ പ്രതികരിക്കാനോ സര്‍ക്കാര്‍ സംവിധാനങ്ങളോ രാഷ്ട്രീയ പാര്‍ട്ടികളോ ആത്മീയ പ്രസ്ഥാനങ്ങളോ മത സംഘടനകളോ രംഗത്തു വരുന്നില്ല എന്നത് പ്രവാസികളെ സംബന്ധിച്ചിടത്തോളം വളരെ വേദനാജനകമാണ്. വിദേശ രാജ്യങ്ങളില്‍ നിന്നും വ്രതമെടുത്ത് വളരെയധികം പണം ചെലവാക്കി ആചാരമര്യാദകള്‍ ഒട്ടും തെറ്റിക്കാതെ ഇവിടെയെത്തി ശാസ്താവിനെ ദര്‍ശിച്ചു പോകുന്ന ലക്ഷക്കണക്കിന് ഭക്തരാണ് പ്രവാസി സമൂഹത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.