ഊബര്‍ ഡ്രൈവര്ക്കുനേരേ ആക്രമണം; നാലുപേര്‍ ഒളിവില്‍
1599407
Monday, October 13, 2025 6:56 AM IST
പേരൂര്‍ക്കട: ഊബര്‍ ടാക്സി ഡ്രൈവറെ ഓട്ടം വിളിച്ച് മര്‍ദിച്ച് പണം കവര്‍ന്ന സംഭവത്തില്‍ നാലുപേര്‍ ഒളിവില്‍. കാപ്പ പ്രതി കാപ്പിരി ജിതിന്റെ സംഘത്തിൽപ്പെട്ട നാലുപേരെയാണ് ഇനി പിടികൂടാനുള്ളത്. സംഭവദിവസം പാറോട്ടുകോണത്ത് എത്തിയ ഊബര്‍ ടാക്സി ഡ്രൈവര്‍ അരുണ്‍ രാജിന്റെ കാറില്‍ ജിതിനൊപ്പം മൂന്നുപേര്‍ കയറുകയും രണ്ടുപേര്‍ ബൈക്കില്‍ ഇവരെ പിന്തുടരുകയും നാലുപേര്‍ ഒരു ഓട്ടോറിക്ഷയില്‍ മുന്നേ പോകുകയും ചെയ്തിരുന്നു.
ബൈക്കില്‍ സഞ്ചരിച്ചിരുന്നവര്‍ പകുതിവഴിക്കുവച്ച് കാറില്‍ക്കയറി. ഇവര്‍ ആറുപേരാണ് ഇപ്പോള്‍ റിമാന്‍ഡിലായിരിക്കുന്നത്. അതേസമയം ഓട്ടോയില്‍ സഞ്ചരിച്ച നാലുപേരെക്കുറിച്ച് വിവരമില്ല. ടാക്സി ഡ്രൈവറെ ആക്രമിക്കാനുള്ള പദ്ധതി എന്തെങ്കിലും കാരണവശാല്‍ പരാജയപ്പെട്ടാല്‍ സഹായിക്കുന്നതിനാണ് ഓട്ടോയില്‍ നാലുപേര്‍ ഇവരുടെ മുന്നേ പോയത്.
എഴുകന്യാവൂര് റോഡിനടുത്തുവച്ച് ഓട്ടോ നിര്‍ത്തുകയും ഇതിലുള്ളവര്‍ കാറിലുണ്ടായിരുന്നവര്‍ തിരികെവരുന്നതും പ്രതീക്ഷിച്ച് നില്‍ക്കുകയുമായിരുന്നു. കാര്‍ ഓടയ്ക്കുള്ളില്‍ വീണപ്പോള്‍ കാപ്പിരി ജിതിനും സംഘവും ഓടിമറഞ്ഞു. ഇവര്‍ക്കൊപ്പം ഓട്ടോയിലെത്തിയവരും രക്ഷപ്പെടുകയായിരുന്നു.