തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ 40 ലക്ഷം രൂപയുടെ സ്വര്‍ണവുമായി തമിഴ്നാട് സ്വദേശി പിടിയില്‍
1599394
Monday, October 13, 2025 6:50 AM IST
വലിയതുറ: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ ഞായറാഴ്ച രാവിലെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം അധികൃതര്‍ നടത്തിയ പരിശോധനയില്‍ ക്വലാലംപൂരില്‍ നിന്നും എത്തിയ തമിഴ്നാട് സ്വദേശിയില്‍ നിന്നും അനധികൃതമായി കടത്തികൊണ്ട് വന്ന 360 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ പിടിച്ചെടുത്തു.
തമിഴ്നാട് സ്വദേശി സെന്തില്‍കുമാര്‍ രാജേന്ദ്രനില്‍ നിന്നുമാണ് സ്വര്‍ണം പിടിച്ചെടുത്തത്. വിവിധ തൂക്കത്തിലുളള 13 സ്വര്‍ണ ചെയിനുകള്‍ പ്രത്യേകം തയാറാക്കിയ രണ്ട് ജീന്‍സ് കഷ്ണങ്ങള്ക്കുള്ളിലാക്കി ധരിച്ചിരുന്ന ജീന്‍സിനോടൊപ്പം തുന്നിച്ചേര്‍ത്താണ് സെന്തില്‍കുമാര്‍ സ്വര്‍ണം കൊണ്ടുവന്നത്.
കസ്റ്റംസ് അധികൃതര്‍ നടത്തിയ വിശദമായ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. പൊതുവിപണിയില്‍ പിടിച്ചെടുത്ത സ്വര്‍ണത്തിന് 40 ലക്ഷം രൂപ വിലമതിക്കുന്നു. കസ്റ്റംസ് അധികൃതരുടെ വെളിപ്പെടുത്തല്‍ അനുസരിച്ച് അടുത്തിടെ വിദേശ രാജ്യങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ സ്വര്‍ണം നികുതി വെട്ടിച്ചും മറ്റ് അനധികൃത മാർഗത്തിലൂടെയും കൊണ്ടുവന്നിട്ടുള്ളതു തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വഴിയാണ്. ദിവസങ്ങള്‍ക്കുമുമ്പു രണ്ട് വ്യത്യസ്ഥ കേസുകളിലായി വിദേശത്തുനിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ രണ്ട് തമിഴ്നാട് സ്വദേശികളില്‍ നിന്നും 1.6 കോടി രൂപയുടെ സ്വര്‍ണം എയര്‍ കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തിരുന്നു.
തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിച്ചെടുക്കുന്ന സ്വര്‍ണത്തിലധികവും ബാര്‍ രൂപത്തിലുളളതും ഇവ വ്യക്തികളുടെ ശരീരത്തിലോ വസ്ത്രത്തിലോ ഒളിപ്പിച്ച നിലയിലുമാണ് കൊണ്ടുവരുന്നത്. ഇത് കുടാതെ പേളായും നെക്ലേസ് ആയും കൊണ്ടുവരുന്നുണ്ട്.
സ്വര്‍ണത്തിനു പുറമെ തിരുവനന്തപുരം വിമാനത്താവളത്തില്‍ കഴിഞ്ഞ നാലുമാസത്തിനുളളില്‍ കസ്റ്റംസ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ മൂന്ന് വ്യത്യസ്ഥ കേസുകളിലായി ബാങ്കോക്കില്‍ നിന്നും എത്തിയ യാത്രക്കാരില്‍ നിന്നും 26.51 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയിരുന്നു. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഹെഡ് ക്വാര്‍ട്ടേഴ്സില്‍ നിന്നുളള നിര്‍ദ്ദേശ പ്രകാരമായിരുന്നു പരിശോധന.