ഭാരതമെന്ന വലിയ ദർശനത്തെ യാഥാർഥ്യമാക്കിയത് ഗാന്ധിജി: കർദിനാൾ
1599611
Tuesday, October 14, 2025 6:36 AM IST
തിരുവനന്തപുരം: ഭാരതം എന്ന വലിയ ദർശനത്തെ ഒരു ഭൂപടമായും സംസ്കാരമായും പ്രതിഷ്ഠിച്ച ഋഷിവര്യനും ദേശസ്നേഹിയുമായിരുന്നു നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെന്നു മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ.
ഗാന്ധിഭവൻ തീയറ്റർ ഇന്ത്യയുടെ ഗാന്ധി നാടകത്തിന്റെ വിദ്യാർഥികൾക്കായുള്ള പ്രദർശനം മാർ ഈവാനിയോസ് വിദ്യാനഗറിലെ സെന്റ് മേരിസ് മലങ്കര മേജർ സെമിനാരി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം നേടിത്തരിക മാത്രമല്ല ഗാന്ധിജി ചെയ്തത്. നമ്മെ ഒത്തൊരുമയോടെ ജീവിക്കാൻ പഠിപ്പിച്ചത് അദ്ദേഹമാണ്. പുനലൂർ സോമരാജന്റെ നേതൃത്വത്തിൽ ഒരുക്കിയ ഗാന്ധിജിയെ കുറിച്ചുള്ള പുതിയ നാടകാവിഷ്കാരം ഗാന്ധിജിയുടെ രൂപം നമ്മുടെ മനസ്സിലും സംസ്കൃതിയിലും നിറഞ്ഞുനിൽക്കുന്നതിന് കാരണമാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
പ്രമുഖ സിനിമ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെന്റ് മേരിസ് മലങ്കര മേജർ സെമിനാരി റെക്ടർ റവ. ഡോ. ജിജി ഫിലിപ്പ് ചരിവുപുരയിടത്തിൽ സ്വാഗതം ആശംസിച്ചു. ഗാന്ധിഭവൻ മാനേജിംഗ് ട്രസ്റ്റിയും സെക്രട്ടറിയുമായ പുനലൂർ സാമരാജൻ ആമുഖ പ്രസംഗം നടത്തി. പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ .നായർ, സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ, ചലച്ചിത്രതാരം ശ്രീലത നമ്പൂതിരി, ഗാന്ധി ഭവൻ സിഇഒ ഡോ. വിൻസന്റ് ഡാനിയേൽ, നാടക സംവിധായകൻ മീനമ്പലം സന്തോഷ്തുടങ്ങിയവർ പങ്കെടുത്തു.
ടി.കെ.എ. നായർ നേതൃത്വം നൽകുന്ന സിറ്റിസൺസ് ഇന്ത്യ ഫൗണ്ടേഷനന്റെ ആഭിമുഖ്യത്തിൽ നാലാഞ്ചിറ മലങ്കര മേജർ സെമിനാരിയുടെ സഹകരണത്തോടെയാണ് പ്രദർശനം സംഘടിപ്പിച്ചത്.
സ്വന്തം ലേഖകൻ