ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് പതിനേഴുകാരൻ മരിച്ചു
1599819
Wednesday, October 15, 2025 2:30 AM IST
പൂവാർ: രണ്ടു ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ബൈക്കുകളിൽ സഞ്ചരിച്ച അഞ്ചു പേർക്ക് ഗുരുതരമായി പരിക്കേറ്റു. അവണാകുഴി മരുതംകോട് മാങ്കാല പ്ലാവറത്തല പുത്തൻ വീട്ടിൽ ജയന്റെയും - അജിതകുമാരിയുടെയും മകൻ ആദർശ് (17) ആണ് മരിച്ചത്. വീഴ്ച്ചയിൽ തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ ആദർശിനെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്ലസ്ടു പഠനം പൂർത്തിയാക്കി തുടർപഠനത്തിന് കാത്തിരിക്കുമ്പോഴാണ് അപകടം. ആദർശിനൊപ്പം സഞ്ചരിച്ച അവണാകുഴി സ്വദേശി മനു, ബാലരാമപുരം സ്വദേശി മനു, ചാവടി നട സ്വദേശികളായ വിശാഖ്, അപ്പു, അരുൺ എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച്ച രാത്രി എട്ടോടെ കാഞ്ഞിരംകുളം ചാവടി ജംഗ്ഷനു സമീപം മാർ എഫ്രാം നഗറിലാണ് അപകടം നടന്നത്. കാഞ്ഞിരംകുളത്തു നിന്നും പൾസർ ബൈക്കിൽ പുല്ലുവിളയിലേക്ക് മൂന്നുപേരുമായി വന്ന ബൈക്കും പുല്ലുവിളയിൽ നിന്നും ചാവടിയിലേക്ക് മറ്റ് മൂന്നുപേരുമായി വന്ന സ്പ്ലെൻഡർ ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാഞ്ഞിരംക്കുളം പോലീസ് കേസെടുത്തു.
ആദർശിന്റെ മൃതദേഹം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനുശേഷം നെയ്യാറ്റിൻകര ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. വിദേശത്തുള്ള അജിതകുമാരി ഇന്ന് നാട്ടിലെത്തിയ ശേഷം സംസ്കാരം നടക്കും.ആകാശ് സഹോദരനാണ്.