പെയ്തിറങ്ങിയത് പെരുമഴ: മത്സരങ്ങള്‍ ഇടയ്ക്ക് നിര്‍ത്തിവെച്ചു
1599932
Wednesday, October 15, 2025 6:37 AM IST
ആറ്റിങ്ങല്‍: ശ്രീപാദം സ്റ്റേഡിയത്തില്‍ നടക്കുന്ന റവന്യു ജില്ലാ അത്ലറ്റിക് മീറ്റിനിടെ പെയ്തിറങ്ങിയ പെരുമഴ കായികാതരങ്ങളേയും സംഘാടകരേയും ഒരേപോലെ ദുരിതത്തിലാക്കി. ഇന്നലെ ഉച്ചകഴിഞ്ഞ്ത്തെ മത്സരങ്ങള്‍ ആരംഭിച്ചപ്പോഴാണ് 'തുളളിക്കൊരുകുടം' എന്ന ചൊല്ലിനു സമാനമായ മഴ പെയ്തത്. മഴ ആരംഭിച്ച സമയത്ത് പെണ്‍കുട്ടികളുടെ ഷോട്ട്്പുട്ട് മത്സരങ്ങള്‍ ഫീല്‍ഡില്‍ നടക്കുകയായിരുന്നു.
പെരുമഴ നനഞ്ഞാണ് കുറച്ചു സമയം മത്സരം തുടര്‍ന്നത്. ഇതേ സമയത്തു തന്നെ ആയിരുന്നു മീറ്റിലെ വേഗമേറിയ താരങ്ങളെ നിശ്ചയിക്കുന്ന 100 മീറ്റര്‍ ഓട്ടമത്സരങ്ങളും നടത്തേണ്ടത്. എന്നാല്‍ അതിശക്തമായി മഴ പെയ്തതിനെ തുടര്‍ന്ന് ഈ മത്സരം മഴയ്ക്ക് ശേഷം ആരംഭിക്കാമെന്ന തീരുമാനത്തില്‍ സംഘാടകരെത്തി.
തുടര്‍ന്ന് ഒരുമണിക്കൂറോളം കഴിഞ്ഞാണ് നൂറു മീറ്റര്‍ മത്സരങ്ങള്‍ ആരംഭിച്ചത്. ഇതിനിടെയും ചാറ്റമഴ പെയ്യുന്നുണ്ടായിരുന്നു. ഇടയ്ക്ക് ശമിച്ച മഴ ജാവലിന്‍ ത്രോ മത്സരങ്ങള്‍ നടക്കുമ്പോള്‍ വീണ്ടും ശക്തിയായി. എന്നാല്‍ മത്സരം ആരംഭിച്ചതിനാല്‍ മഴ നനഞ്ഞും ഒഫീഷ്യല്‍സ് മത്സരം പൂര്‍ത്തിയാക്കി.