വീട് കുത്തിത്തുറന്ന് ആഭരണങ്ങൾ കവർന്ന കേസിൽ യുവാവ് പിടിയിൽ
1600401
Friday, October 17, 2025 6:29 AM IST
പേരൂര്‍ക്കട: വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നയാളെ മണ്ണന്തല സിഐ കണ്ണന്, എസ്ഐ വിപിന്‍, സിപിഒമാരായ അനീഷ്, സജീര്‍, പ്രശാന്ത്, അരുണ്‍, മുജീബ് എന്നിവര്‍ തമ്പാനൂര്‍ ഭാഗത്തുനിന്നു പിടികൂടി. തമിഴ്നാട് കന്യാകുമാരി തുലയാവട്ട പാലവിളൈ പുതുവല്‍ പുത്തന്‍ വീട്ടില്‍ സെല്‍വരാജ് (47) ആണ് കഴിഞ്ഞ 11ന് മണ്ണന്തല ആനന്ദവല്ലീശ്വരം ക്ഷേത്രത്തിനു സമീപം ഒരുവാതില്ക്കോണത്തു പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് 15 പവന് സ്വര്‍ണഭരണങ്ങള്‍ കവര്‍ന്നത്.
ഡല്‍ഹിയില്‍ ആര്‍ക്കിടെക്ടായ ശ്രീകുമാറിന്റേതായിരുന്നു വീട്. സ്വര്‍ണമാല, നെക്ലെസ്, വള, കമ്മല്‍ എന്നിവയാണ് മോഷണമുതലില്‍ ഉള്‍പ്പെട്ടിരുന്നത്. ഈവര്‍ഷം ഓഗസ്റ്റിലാണ് ശ്രീകുമാര്‍ ഡല്‍ഹിക്കുപോയത്. സംഭവദിവസം ശ്രീകുമാറിന്റെ ബന്ധു വീട്ടിലെത്തിയപ്പോഴാണ് വാതില്‍ പൊളിച്ചിരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടത്. വിശദമായ അന്വേഷണത്തില്‍ വീട്ടില്‍ മോഷണം നടന്നതായി വ്യക്തമാകുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
വീട്ടില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങളും മറ്റൊരു സ്ഥലത്തുനിന്നു പ്രതിയെ തിരിച്ചറിയാന്‍ സഹായിക്കുന്ന ദൃശ്യവും ലഭിച്ചതു വഴിത്തിരിവായി. 23 വിരലടയാളങ്ങളാണ് ഫിംഗര്‍പ്രിന്റ് വിദഗ്ധരുടെ പരിശോധനയില്‍ വീട്ടില്‍ നിന്നു ലഭിച്ചത്. തുടരന്വേഷണത്തില്‍ തമ്പാനൂര്‍ ഭാഗത്ത് പ്രതി ഉള്ളതായി സൂചന ലഭിക്കുകയായിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.