സീനിയര്‍ ആണ്‍കുട്ടികളില്‍ കാര്‍ത്തികും പെണ്‍കുട്ടികളില്‍ എ.ആര്. നീതുവും ചാമ്പ്യന്മാര്
1600409
Friday, October 17, 2025 6:37 AM IST
ആറ്റിങ്ങൽ: വിതുര വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിന്നുള്ള കാര്‍ത്തിക് കൃഷ്ണയാണ് സീനിയര്‍ ആണ്‍കുട്ടികളിലെ വ്യക്തിഗത ചാമ്പ്യന്‍. ഹാമര്‍ത്രോ, ഡിസ്കസ് ത്രോ, ഷോട്ട്പുട്ട് എന്നിവയില്‍ സ്വര്‍ണം സ്വന്തമാക്കിയാണ് കാര്‍ത്തിക്കിന്റെ ചാമ്പ്യന്‍ പട്ടനേട്ടം.
മത്സരിച്ച മൂന്നിനങ്ങളിലും സ്വര്‍ണം സ്വന്തമാക്കി സീനിയര്‍ പെണ്‍കുട്ടികളില്‍ എ.ആര്. നീതു വ്യക്തിഗത ചാമ്പ്യന്‍ പട്ടം സ്വന്തമാക്കി. 800,1500, 3000 മീറ്ററുകളിലെ സുവര്‍ണ കുതിപ്പാണ് അയ്യങ്കാളി സ്പോര്‍ട്സ് സ്കൂളില്‍നിന്നുള്ള നീതുവിനെ ചാമ്പ്യനാക്കിയത്.
ജൂണിയര്‍ ആണ്‍കുട്ടികളില്‍ മൈലം ജി.വി. രാജാ സ്കൂളില്‍ നിന്നുള്ള എ. ശിവപ്രസാദിനാണ് വ്യക്തിഗത ചാമ്പ്യന്‍പട്ടം. 800, 1500, 3000 മീറ്ററുകളില്‍ ഒന്നാം സ്ഥാനത്തോടെ 15 പോയിന്റുമായാണ് ശിവപ്രസാദ് ഈ വിഭാഗത്തില്‍ ചാമ്പ്യനായത്. ജൂണിയര്‍ പെണ്‍കുട്ടികളിലും വ്യക്തിഗത ചാമ്പ്യന്‍പട്ടം ജി.വി. രാജയിലെ താരത്തിനാണ്. ജി.വി രാജയില്‍ നിന്നുള്ള പി.ആര്. അമല ഡിസ്കസ് ത്രോയിലും ഷോട്ട് പുട്ടിലും ഒന്നാം സ്ഥാനവും ജാവലിന്‍ ത്രോയില്‍ രണ്ടാം സ്ഥാനവുമായി 13 പോയിന്റോടെയാണ് ചാമ്പ്യന്‍പട്ടത്തിന് അര്‍ഹയായത്.
സബ് ജൂണിയര്‍ ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും വ്യക്തിഗത ചാമ്പ്യന്‍പട്ടം ജി.വി. രാജയിലെ കുട്ടികള്‍ക്കാണ്. ആണ്‍കുട്ടികളില്‍ എസ്. ആകാശ് 100, 200 മീറ്ററുകളില്‍ ഒന്നാം സ്ഥാനവും ലോംഗ് ജംപില്‍ രണ്ടാം സ്ഥാനവുമായി 11 പോയിന്റോടെ ചാമ്പ്യനായപ്പോള്‍ സബ് ജൂണിയര്‍ പെണ്‍കുട്ടികളില്‍ ശ്രീനന്ദന, 80 മീറ്റര്‍ ഹര്‍ഡില്‍സ് ഹൈജംപ്, ലോംഗ് ജംപ് എന്നിവയില്‍ ഒന്നാമതെത്തിയപ്പോള്‍ ജൂലിയറ്റ് ഷാബിന് 100, 200, 400 മീറ്ററുകളില്‍ ഒന്നാമതെത്തി വ്യക്തിഗത ചാമ്പ്യന്‍പട്ടം പങ്കുവെച്ചു.