മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച് കിടന്നുറങ്ങി; പോലീസ് കൈയോടെ പിടികൂടി
1600403
Friday, October 17, 2025 6:29 AM IST
മെഡിക്കല്‍കോളജ്: തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ വാര്‍ഡില്‍ നിന്നു മൂന്നു മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചശേഷം സമീപത്തുകിടന്ന് ഉറങ്ങിയ മൂന്നംഗസംഘത്തെ പോലീസ് കൈയോടെ പിടികൂടി.
വര്‍ക്കല മേലേ വെട്ടൂര്‍ കരിച്ചെമ്പില് വീട്ടില്‍ സഹീര്‍ (29), ആലപ്പുഴ മാവേലിക്കര ആദിക്കാട്ടുകുളങ്ങര അമീന മന്‍സിലില്‍ ആഥില്‍ (21), കൊല്ലം കരുനാഗപ്പള്ളി മൈനാഗപ്പള്ളി ആശാരിമുക്ക് അയിക്കര പടിഞ്ഞാറ്റില്‍ വീട്ടില്‍ ആഷിഖ് (19) എന്നിവരെയാണ് എസ്ഐമാരായ വിഷ്ണു, ഗീതു, എഎസ്ഐ സുരേഷ്, സിപിഒമാരായ ചിത്രന്, ബിജിത്ത്, നൗഫല്‍ എന്നിവർ ചേര്‍ന്നു കസ്റ്റഡിയിലെടുത്തത്.
ബുധനാഴ്ച പുലര്‍ച്ചെ എസ്എടിയില്‍ രോഗികള്‍ ചികിത്സയിലുള്ള വാര്‍ഡിലെത്തിയ മൂന്നംഗസംഘം കൊല്ലം പാരിപ്പള്ളി കിഴക്കനേല വേളമാനൂര്‍ സുജിത്ത് ഭവനില്‍ സുദര്‍ശനന്റെ മകന് ഷിജിത്തിന്റെ സമീപത്തുണ്ടായിരുന്ന മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കുകയായിരുന്നു. ഭാര്യയുടെ ചികിത്സാര്ഥമാണു ഷിജിത്ത് ആശുപത്രിയിലെത്തിയത്.
ഫോണുകള്‍ നഷ്ടപ്പെട്ട ഷിജിത്ത് ഉടന്‍തന്നെ പോലീസില്‍ വിവരമറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച പോലീസ് സംശയകരമായ രീതിയില്‍ വാര്‍ഡിനു സമീപത്തു കിടന്നുറങ്ങുന്ന മൂവര്‍സംഘത്തെ കണ്ടെത്തി.
തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് പ്രതികള്‍ കുറ്റം സമ്മതിച്ചത്. തൊണ്ടിമുതലുകള്‍ ഇവരില്‍നിന്നു കണ്ടെത്തിയതായി സി.ഐ ബി.എം. ഷാഫി അറിയിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.