കല്ലിയൂര്‍ പുന്നമൂട് സ്കൂളില്‍ പെപ്പര്‍ സ്പ്രേ ശ്വസിച്ച വിദ്യാര്‍ഥികള്‍ ആശുപത്രി വിട്ടില്ല
1600398
Friday, October 17, 2025 6:28 AM IST
നേമം: കല്ലിയൂര്‍ പുന്നമൂട് ഹയര്‍ സെക്കൻഡിറി സ്കൂളില്‍ പെപ്പര്‍ സ്പ്രേ ശ്വസിച്ച ഒന്‍പത് വിദ്യാര്‍ഥികള്‍ ശ്വാസ തടസത്തെ തുടര്‍ന്ന് ഇപ്പോഴും ആശുപത്രിയില്‍ തുടരുന്നു. മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥികളാണ് നിരീ ക്ഷണത്തിലുള്ളത്. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന അമൃത ശങ്കര്‍ എന്ന വിദ്യാര്‍ഥിനിയും ബേബി സുധ എന്ന അധ്യാപികയും ആശുപത്രിയില്‍നിന്നു വീട്ടിലേക്കു മടങ്ങി.
ഇവരെ ആദ്യം നേമം ശാന്തിവിള താലൂക്ക് ആശുപത്രിയിലെത്തിച്ചു പ്രാഥമികചികിത്സ നല്കിയ ശേഷം ജനറല്‍ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുക യായിരുന്നു. പ്ലസ് വണ്‍ ക്ലാസിലെ ഒരു വിദ്യാര്‍ഥി ക്ലാസില്‍ വെച്ച് "റെഡ് കോപ്പ്' എന്ന പേരിലുള്ള സ്പ്രേ തുറന്നു നോക്കുമ്പോഴാണു ബുധനാഴ്ച സംഭവമുണ്ടായത്. സ്കൂളിലെ രണ്ടാംനിലയിലുള്ള ക്ലാസില്‍ അറുപതോളം വിദ്യാര്‍ഥികളുണ്ടായിരുന്നു.
സ്പ്രേ അന്തരീക്ഷത്തിലേയ്ക്ക് വ്യാപിച്ചതോടെ പല കുട്ടികള്‍ക്കും ശ്വാസംമുട്ടലും ശരീരത്തില്‍ ചൊറിച്ചിലും അനുഭവപ്പെട്ടു. ശ്വാസതടസവും പുകച്ചിലും അനുഭവപ്പെട്ട വിദ്യാര്‍ഥികളെ അധ്യാപകരും പോലീസും ചേര്‍ന്നാണ് ആദ്യം നേമം ശാന്തിവിള താലൂക്ക് ആശുപത്രിയിലെത്തിച്ചത്. സംഭവത്തെ തുടര്‍ന്നു നമം പോലീസും ഫോറന്‍സിക് വിഭാഗവും ആരോഗ്യ വകുപ്പും സ്കൂളിലെത്തി പരിശോധന നടത്തി. ആരോഗ്യവിഭാഗം ഡയറക്ടര്‍ ഉണ്ണികൃഷ്ണന് നായരും സ്ഥലത്തെത്തി അന്വേഷണം നടത്തി. പിടിഎ മീറ്റിംഗ് വിളിച്ചിട്ടുണ്ടെന്ന് പ്രിന്‍സിപ്പൽ പറഞ്ഞു.